തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ രാജേഷ് മരിച്ച വിഷയത്തിലെ വീഴ്ചയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശിവൻകുട്ടി ആരോപിച്ചു.
കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. ഇതിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിസന്ധി ഘട്ടത്തില്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും മാത്രമല്ല, ശുചീകരണ തൊഴിലാളികള്‍ വരെ ഉള്‍പ്പെടുന്ന ഒരു കൂട്ടായ പ്രവര്‍ത്തനമാണ് ഈ ഘട്ടത്തില്‍ അനിവാര്യം. കൊവിഡ് കാലത്ത് സംസ്ഥാനത്ത് കാണിച്ച ജാഗ്രതയും കൂട്ടായ പ്രവര്‍ത്തനവും ഇപ്പോഴത്തെ സാഹചര്യത്തിലും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.






