തിരുവന്തപുരം : മന്ത്രി ഒജെ ജനീഷിനെതിരായ ആക്രമണം സിപിഐഎമ്മിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി വിഡി സതീശന്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നും വിഡി സതീശന് കുറ്റപ്പെടുത്തി.
തോല്‍വിയില്‍ ഉണ്ടായ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ കലാപം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ മാഫിയ സംഘങ്ങളെ പോലെയാണ്. പത്തുവര്‍ഷം കേരളത്തില്‍ നടത്തിയ ഗുണ്ടായിസം തുടരാന്‍ അനുവദിക്കില്ലെന്നും ആക്രമിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സിപിഐഎം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് നേരത്തെ വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി ചോദിച്ചിരുന്നു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. യുവമോര്‍ച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു. സിപിഐഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.






