കോട്ടയം : ഉത്രാടദിനമായ ഇന്ന് കോട്ടയം വയസ്കര രാജഭവൻ കോവിലകത്ത് എത്തി ഉത്രാടക്കിഴി കൈമാറി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വയസ്കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് അദ്ദേഹം ഉത്രാടക്കിഴി കൈമാറിയത്. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് ഈ കിഴി കൈമാറിയത്. എല്ലാ ഉത്രാടദിനത്തിലും കോട്ടയം വയസ്കര രാജഭവൻ കോവിലകത്ത് ഉത്രാടക്കിഴി കൈമാറല്‍ ചടങ്ങ് നടക്കും.
ഇന്ന് നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്രാടക്കിഴി നൽകിയപ്പോൾ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സൗമ്യവതി തമ്പുരാട്ടിക്ക് ഓണക്കോടി സമ്മാനിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എംപി സന്തോഷ് കുമാർ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീന ജയചന്ദ്രന്, തഹസീല്‍ദാർ സിറില്‍ സഞ്ജു ജോർജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പിജി കവിത, വില്ലേജ് ഓഫീസര്‍ ജെബോയ് മാത്യു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാജഭരണത്തില്‍ നിന്ന് കേരളം വേർപെട്ടുവെങ്കിലും നമ്മുടെ ഭരണസംവിധാനത്തിന്റെ ഭാഗമായി ഈ ചടങ്ങ് ഇപ്പോഴും നടന്നു വരുന്നു. ഉത്രാടക്കിഴിയായി 1001 രൂപയാണ് കൈമാറുന്നത്. ഇതിനായി സർക്കാർ തന്നെ ഫണ്ട് നല്‍കുകയും ചെയ്യുന്നു.
കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് ഓണക്കോടിക്കായി കൈമാറിയിരുന്ന തുകയാണ് ഉത്രാടക്കിഴി. നിലവില്‍ 'രാമവർമ എൻഡോവ്മെന്റ് ഉത്രാടം പെയ്മെന്റ്' എന്ന പേരില്‍ ഈ കിഴി കൈമാറ്റം നടന്നു വരുന്നു. 1961ഒക്ടോബര്‍ 21ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
തൃശൂർ കളക്ടറേറ്റില്‍ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീല്‍ദാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുക 2011ല്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെയാണ് 1000 രൂപയായി വർധിപ്പിച്ചത്. സംസ്ഥാനത്ത് 81 രാജകുടുംബങ്ങള്‍ക്ക് സർക്കാരിന്റെ ഉത്രാടക്കിഴി ലഭിക്കുന്നുണ്ട്. കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന താലൂക്കുകളിലാണ് ഉത്രാടക്കിഴി ആചാരം നിലവിലുള്ളത്.
അന്തര്ജ്ജനങ്ങള്ക്കാണ് ഉത്രാടക്കിഴി സ്വീകരിക്കാനുള്ള അവകാശം. ആലുവ താലൂക്കില്‍ 33 പേർ ഉത്രാടക്കിഴി വാങ്ങുന്നുണ്ട്. തൃശൂർ താലൂക്കില്‍ 17 പേർക്ക് തുക ലഭിക്കും. മുകുന്ദപുരം, കൊച്ചി, കോട്ടയം എന്നീ താലൂക്കുകളില്‍ ഓരോ അന്തർജ്ജനങ്ങള്ക്കാണ് ഉത്രാടക്കിഴി ലഭിക്കുന്നത്. കൊടുങ്ങല്ലൂർ - 4 ചാലക്കുടി - 2 കണയന്നൂർ - 11 കോഴിക്കോട് - 4 മാവേലിക്കര - 2 തിരുവല്ല - 2 താമരശേരി - 3 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ ഉത്രാടക്കിഴി വിതരണം.
എല്ലായിടത്തും ജനപ്രതിനിധികളാകണമെന്നില്ല വിതരണം നടത്തുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കിഴി വിതരണം നടത്താറുണ്ട്.






