തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തെ വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള നിർണായക കരട് മാർഗ നിർദേശങ്ങള്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു.
2027 ഏപ്രില്‍ ഒന്നുമുതല്‍ 2032 മാർച്ച് 31 വരെ ഈടാക്കേണ്ട വൈദ്യുതിനിരക്ക് സംബന്ധിച്ച് കെഎസ്ഇബി അപേക്ഷ തയാറാക്കുന്നത് ഈ ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കുന്നതോടെ നിരക്ക് പരിഷ്കരണത്തിലേക്ക് കടക്കും.
സോളാർ വൈദ്യുതി സുലഭമായ പകല്‍ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളില്‍ ഉയർന്ന നിരക്കും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് കരടില്‍ നിർദേശിച്ചിരിക്കുന്നത്. നിലവില്‍ പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവർക്ക് മാത്രമുള്ള സമയം അടിസ്ഥാനമാക്കിയുള്ള (ടിഒഡി) മീറ്ററിംഗ് സംവിധാനമാണ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നത്. പീക്ക് സമയങ്ങളിലെ അധിക വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 2024 വരെ കെഎസ്ഇബിക്കുണ്ടായ ഭീമമായ നഷ്ടം 2031ന് മുൻപ് നികത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ തുക 2027 മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുപിടിക്കാനും കരടില്‍ ശുപാർശയുണ്ട്. ഇത് നടപ്പിലാകുന്നതോടെ ഉപഭോക്താക്കളുടെ ബില്‍ തുകയില്‍ സ്വാഭാവിക വർദ്ധനവുണ്ടാകും.
കൂടാതെ നിലവിലെ സ്ലാബ് രീതിയിലുള്ള ഫിക്സഡ് ചാർജിന് പകരം ആകെ വൈദ്യുതി ഉപഭോഗം കണക്കാക്കി ഫിക്സഡ് ചാർജ് നിശ്ചയിക്കുക, ഇന്ധന സർച്ചാർജ് മാസം തോറും കൃത്യമായി ഈടാക്കുക, ബാറ്ററി സ്റ്റോറേജ് സൗകര്യമുള്ള സോളാർ ഉള്ളവർക്ക് പീക്ക് സമയത്ത് നിരക്കിളവ് നല്‍കുക തുടങ്ങിയ നിർദേശങ്ങളും കരടിലുണ്ട്. വൈദ്യുതി സംഭരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം വൈദ്യുതി വാങ്ങല്‍ ചെലവ് കുറയ്ക്കാനും ദീർഘകാല-ഇടക്കാല കരാറുകള്‍ക്ക് മുൻകൂർ അനുമതി വാങ്ങാനും കമ്മീഷൻ നിർദേശിക്കുന്നുണ്ട്. കരടിലെ ശുപാർശകളിന്മേല് പൊതുജനങ്ങള്‍ക്ക് അടുത്ത മാസം 25 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.






