ഡല്‍ഹി: രാജ്യത്ത് വീണ്ടും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ബാങ്ക് അവധി ദിവസങ്ങള്‍ വരുന്നു. ബാങ്ക് ജീവനക്കാരുടെ പണിമുടക്കും ഒപ്പം പൊതുഅവധി ദിനങ്ങളും വരുന്നതോടെയാണ് ഏറെ ദിവസങ്ങള്‍ ബാങ്ക് സേവനങ്ങള്‍ തടസപ്പെടാൻ സാധ്യതയുള്ളത്.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസം ആക്കണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും കേന്ദ്രസർക്കാർ നടപ്പാക്കാത്തത് അടക്കമുള്ള വിഷയങ്ങളാണ് സമരത്തിന് കാരണം.
ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11, 28, 29, 30 തീയതികളിലാണ് ആദ്യഘട്ട പണിമുടക്ക്. ഒക്ടോബർ 26 മുതല്‍ അനിശ്ചിത കാല പണിമുടക്കു നടത്തും.
സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ്. ബാങ്ക് അവധിയായ ശനിയും ഞായറും ചേർത്താല്‍ തുടർച്ചയായി 3 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളില്‍ 14ന് തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധി കൂടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവർത്തനം തടസ്സപ്പെടും.
രണ്ടാം ഘട്ടത്തില്‍ 28, 29, 30 തീയതികള്‍ തിങ്കള്‍, ചൊവ്വ, ബുധൻ ദിവസങ്ങളാണ്. നാലാം ശനിയും ഞായറും കൂടിയാകുമ്പോള്‍ 5 ദിവസം തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും.
പണിമുടക്കിന്റെ തുടക്കമെന്ന നിലയില്‍ ഇന്നു മുതല്‍ സെപ്റ്റംബർ 10 വരെ ഡ്യൂട്ടി സമയത്തു മാത്രമേ ജീവനക്കാർ ജോലിയെടുക്കൂ. പ്രതിഷേധ സൂചകമായി ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകളില്‍നിന്ന് എക്സിറ്റ് ചെയ്യും.






