ടെഹ്റാൻ: ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി യു എസ്. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനാണ് അമേരിക്ക ചുട്ട മറുപടി നൽകിയത്.
ഇറാനില്‍ നിർമാണം നടക്കുന്ന ആണവ നിലയത്തിലടക്കം ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഡാർകോവിൻ ആണവ നിലയത്തില്‍ ആണ് ആക്രമണം നടത്തിയത്.
ഇറാനില്‍ ഇന്നലെ രാത്രി മുതല്‍ നടത്തിയ വ്യാപക മിസൈല്‍ ബോംബിങ്ങില്‍ തീര നിരീക്ഷണ സംവിധാനങ്ങള്‍, റഡാറുകള്‍, നാവിക സംവിധാനങ്ങള്‍, മിസൈല്‍ - ഡ്രോണ്‍ കേന്ദ്രങ്ങള്‍ എന്നിവ തകർത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു.
ജോർദാനില്‍ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഇറാനില്‍ അമേരിക്ക വ്യാപക ബോംബാക്രമണം നടത്തിയത്.
ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, വിഷയത്തില്‍ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ എ ഇ എ) മൗനം വെടിയണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
യു എസ് ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കില്‍ നാല് കപ്പലുകളെ ഇറാൻ തടയുകയും രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തതായാണ് വിവരം.
മേഖലയില്‍ സമാധാനത്തോടെ തുടരാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.






