ഹാപുർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ഹാപുരിൽ മിനറൽ വാട്ടറെന്ന് കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. സ്വർണക്കടയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയും അമ്മയും സ്വർണക്കടയിൽ എത്തിയപ്പോഴാണ് സംഭവം. ദാഹം തോന്നിയ യുവതിക്ക് കടയിൽ നിന്ന് തണുത്ത വെള്ളക്കുപ്പി നൽകുകയായിരുന്നു. മിനറൽ വാട്ടറാണെന്ന് കരുതി അത് കുടിച്ച യുവതി ഉടൻ അസ്വസ്ഥയാകുകയും, പിന്നീട് കുപ്പിയിൽ ആസിഡാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
അവശനിലയിലായ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുപ്പിക്കുള്ളിൽ ആസിഡ് എങ്ങനെ എത്തിയെന്നതും, യുവതിയെ മനപ്പൂർവം അപായപ്പെടുത്താൻ ശ്രമിച്ചതാണോയെന്നതുമടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.






