കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം ജൂലൈ 18ന് പുതുപ്പള്ളിയിൽ വിപുലമായ പരിപാടികളോടെ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു. രാവിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേക പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, കല്ലറയിൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. യൂഹാന്നോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
രാവിലെ 9ന് പുതുപ്പള്ളി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സ്മൃതി സമ്മേളനം എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.
സ്മൃതി ദിനത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അഞ്ച് കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖകൾ കൈമാറുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,200 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുകയും ചെയ്യും. കൂടാതെ അനാഥാലയങ്ങളിൽ ഭക്ഷണ വിതരണവും സംഘടിപ്പിക്കും. ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകൾക്ക് സൈക്കിളുകൾ, ക്രിക്കറ്റ് കിറ്റുകൾ, ഫുട്ബോളുകൾ എന്നിവയും വിതരണം ചെയ്യും.






