ഡല്‍ഹി: രാജ്യത്തെ സ്കൂള്‍ കോളേജ് എന്നിവിടങ്ങളില്‍ സെക്സ് എഡ്യൂക്കേഷൻ ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും പ്രത്യുത്പാദനം, ലൈംഗികത എന്നിവയെക്കുറിച്ച് ശരിയായ അവബോധം വളർത്തുന്നതിനും രാജ്യവ്യാപകമായി പഠനപദ്ധതി വേണമെന്ന് രണ്ടു വർഷം മുൻപ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇതുവരെ വിവിധ സംസ്ഥാനങ്ങളില്‍ പല രീതിയിലായിരുന്നു സെക്സ് എഡ്യൂക്കേഷന്റെ ക്ലാസുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തിലൂടെ രാജ്യത്തുടനീളം ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2024 സെപ്തംബറില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ലൈംഗിക ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഒരു കേസില്‍ വിധി പറയവെയാണ് സുപ്രീം കോടതി സെക്സ് എഡ്യൂക്കേഷന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞത്. കുട്ടികളെ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം അവരെ കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതാണെന്നും അല്ലാതെ നിശബ്ദത പാലിക്കുകയല്ലെന്നും കോടതി നിരീക്ഷിച്ചു. സെക്സ് എഡ്യൂക്കേഷനക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കാരണം പല സംസ്ഥാനങ്ങളും ഇത്തരം പ്രോഗ്രാമുകള്‍ എതിർക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടികളില്‍ ചെറിയ പ്രായം മുതല്‍ തന്നെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമത്തെക്കുറിച്ചും ശാരീരിക സുരക്ഷയെക്കുറിച്ചും കൃത്യമായ ബോധവല്‍ക്കരണം നല്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2025 മേയില്‍ മറ്റൊരു കേസ് പരിഗണിക്കവെയും കോടതി ഇതേ ആശങ്ക പങ്കുവയ്ക്കുകയും ദേശീയ നയം രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍-കോളേജ് പാഠ്യപദ്ധതികളുടെ ഭാഗമാക്കുമെന്നും കോടതി നിർദ്ദേശങ്ങളോട് പൂർണമായും യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ ശേഷം കേന്ദ്ര സർക്കാർ അറിയിച്ചു.






