തിരുവനന്തപുരം: കോളേജ് അധ്യാപക ജോലി സ്വപ്നം കാണുന്നവർക്കും ഗവേഷണരംഗത്ത് കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്കും പുതിയ അവസരം.
2026 ഡിസംബർ സെഷനിലെ യുജിസി നെറ്റ് (UGC NET) പരീക്ഷയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന പരീക്ഷയ്ക്ക് ഒക്ടോബർ 28 രാത്രി 11.50 വരെ അപേക്ഷിക്കാം. ഡിസംബർ 14 മുതല്‍ 19 വരെയാണ് പരീക്ഷ.രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നിർണയിക്കുന്ന പ്രധാന പരീക്ഷകളിലൊന്നാണ് യുജിസി നെറ്റ്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) നേടാനും പിഎച്ച്ഡി പ്രവേശനത്തിനുള്ള അർഹത നിർണയിക്കാനും ഈ പരീക്ഷ സഹായിക്കും.
87 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് ഇത്തവണ പരീക്ഷ നടത്തുന്നത്.ഒക്ടോബർ എട്ടിനാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്. നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഒക്ടോബർ 29 മുതല്‍ 31 വരെ അധിക ഫീസോടെ അപേക്ഷിക്കാൻ അവസരമുണ്ട്. ഇതിനായി സാധാരണ ഫീസിന് പുറമെ 500 രൂപ അധികമായി നല്‍കണം. അപേക്ഷയില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ നവംബർ 2 മുതല്‍ 4 വരെ തിരുത്തലുകള്‍ വരുത്താനും സൗകര്യമുണ്ടാകും.അപേക്ഷാ ഫീസ് വിഭാഗം അനുസരിച്ച് വ്യത്യാസപ്പെടും.
ജനറല്‍ വിഭാഗക്കാർക്ക് 1,150 രൂപയാണ് ഫീസ്. ഇഡബ്ല്യുഎസ് (EWS), ഒബിസി-എൻസിഎല്‍ (OBC-NCL) വിഭാഗക്കാർക്ക് 600 രൂപയും എസ്സി (SC), എസ്ടി (ST), ഭിന്നശേഷിക്കാർ (PwD), തേർഡ് ജെൻഡർ വിഭാഗക്കാർ എന്നിവർക്ക് 325 രൂപയുമാണ് ഫീസ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ മുഖേന ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും നല്കി ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം.
തുടർന്ന് ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധ്യാപനവും ഗവേഷണവും ലക്ഷ്യമിടുന്ന ബിരുദാനന്തര ബിരുദധാരികള്‍ക്ക് പ്രധാനപ്പെട്ട യോഗ്യതാ പരീക്ഷയാണിത്. എന്നാല്‍ യുജിസി നെറ്റില്‍ യോഗ്യത നേടിയാല്‍ മാത്രം അധ്യാപക ജോലി ഉറപ്പാകില്ല. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിയമന മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് നടപടികളും ബാധകമായിരിക്കും.അപേക്ഷിക്കുന്നതിന് മുൻപ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, സിലബസ്, ഫീസ് ഇളവുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിക്കണം. പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങളും അഡ്മിറ്റ് കാർഡും പിന്നീട് പ്രസിദ്ധീകരിക്കും. അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കാൻ അപേക്ഷ നേരത്തേ പൂർത്തിയാക്കുന്നതാണ് ഉചിതം.






