ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും.
നാളെ ചെന്നൈയില് പൊതുയോഗം എന്നാണ് അറിയിപ്പ്. രാഹുലിന്റെയും വിജയ്യുടെയും ചിത്രം പോസ്റ്ററിലുണ്ട്. പ്രാസംഗികരുടെ പട്ടികയില് ടിവികെ മന്ത്രി രാജ്മോഹനും ഉള്പ്പെട്ടു. വിഷയത്തില് ടിവികെയുടെ മൗനവും ദില്ലി പ്രതിഷേധങ്ങളില് നിന്ന് അകലം പാലിച്ചതും വലിയ ചർച്ചയായിരുന്നു. തമിഴ്നാട്ടില് ടിവികെ സഖ്യത്തിന്റെ ഭാഗം അല്ലാത്ത ഇടതുപാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററില് ഉള്പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്ക്കിടെ ചെന്നൈയില് 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസന്ത് നഗർ എലിയട്ട് ബീച്ചില് നിന്ന് 40 യുവാക്കളെയും സെക്രട്ടറിയേറ്റിന് സമീപത്ത് നിന്ന് എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളില് പെട്ട 100 പ്രവർത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയില് നടക്കുന്ന 'സിജെപി' പ്രതിഷേധങ്ങള്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കള് ബസന്ത് നഗർ ബീച്ചില് ഒത്തുചേർന്നത്.
പൊലീസ് നടപടിക്കതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ കക്ഷി ഡിഎംകെ പിന്നാലെ രംഗത്തെ് എത്തുകയും ചെയ്തു. ടിവികെ ബിജെപിയുടെ ശാഖയാണെന്നാണ് എം കെ സ്റ്റാലിൻ ആരോപിച്ചത്. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും, ഡമ്മി മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ ചോദിച്ചു. ഇത്തരം ആരോപണങ്ങള് ഉയരുന്നതിനിടെയാണ് ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിലേക്ക് ടിവികെയും എത്തുന്നത്. ദില്ലിയില് പ്രതിഷേധം കടുക്കുന്ന സമയത്ത് വിജയ്യെ കാണാൻ രാഹുല് ചെന്നൈയില് എത്തിയതില് ഉയർന്ന വിമർശനങ്ങള്ക്കും ടിവികെയുടെ ഈ നീക്കം മറുപടിയായി മാറും.






