ഷൊർണൂർ : കോച്ച് മാറി കയറാൻ ആവശ്യപ്പെട്ട ടിടിഇയെ മർദ്ദിച്ച് യുവതി. ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ കയറിയ യാത്രക്കാരിയാണ് ടിടിഇയെ മര്‍ദിച്ചത്. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് തീവണ്ടിയില്‍ തിങ്കളാഴ്ച രാത്രി ഏഴോടെ ഫറോക്കില്‍ വെച്ചാണ് സംഭവം. പാലക്കാട് ഡിവിഷനിലെ ഷൊര്‍ണൂര്‍ ടീമിലെ ടിക്കറ്റ് പരിശോധകന് എസ് സുജിത്തിനാണ് (38) മര്‍ദനമേറ്റത്. യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതിക്കെതിരെ ഇയാള്‍ പോലിസില്‍ പരാതി നല്കി.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഫറോക്കില്‍നിന്ന് കുറ്റിപ്പുറത്തേക്ക് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ ടിക്കറ്റെടുത്ത യുവതി, എസ്5 കമ്പാര്‍ട്ട്മെന്റിലായിരുന്നു കയറിയത്. ഫറോഖ് റെയില്‍വേ സ്റ്റേഷന് പിന്നിട്ടതും പരിശോധനയ്ക്കിടെ പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്ത് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ജനറല്‍ ടിക്കറ്റ് ആയതിനാല്‍ റിസര്‍വ്ഡ് കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറങ്ങി വനിതാ കമ്പാര്‍ട്ട്മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി തര്‍ക്കിക്കുകയും പിന്നാലെ മർദ്ദിക്കുകയും ചെയ്തു.
ജോലി തടസപ്പെടുത്തിയെന്നും മുഖത്ത് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ടിടിഇ ഷൊര്‍ണൂര്‍ റെയില്‍വേ പോലിസില്‍ പരാതി നല്കി. പിന്നാലെ ഇയാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, ടിക്കറ്റ് പരിശോധകന് തന്നെ അസഭ്യം വിളിച്ചെന്നും മര്‍ദിച്ചെന്നും കാണിച്ച് ശ്രുതിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ടിക്കറ്റ് ചോദിച്ചതിന് ശേഷം അസഭ്യം വിളിച്ചെന്നും ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വയരക്ഷയ്ക്കുവേണ്ടി മുഖത്ത് പിടിച്ച് തള്ളിയതാണെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇരുവര്‍ക്കുമെതിരേ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് കേസെടുത്തു. യുവതിയും ആശുപത്രിയില്‍ ചികിത്സതേടി. സുജിത്തിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റിട്ടുണ്ട്.






