ട്ടയം : ട്രെയിനില്‍ ടിക്കറ്റില്ല, കെ.എസ്.ആർ.ടി.സി സർവീസുകള്‍ പരിമിതം. ഇനി സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് വച്ചാലോ കൊള്ള നിരക്കും.
പക്ഷേ, നാട്ടിലെത്തിയല്ലേ പറ്റൂ. കുടുംബാംഗങ്ങള്‍ക്കൊപ്പം പൂജാവധി ആഘോഷിക്കാൻ എത്തുന്ന മറുനാടൻ മലയാളികളെ പിഴിയുകയാണ് സ്വകാര്യ ബസ് ലോബി. സാധാരണ ദിവസത്തേക്കാള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. അവസാന നിമിഷം സർവീസ് റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്നെന്ന പരാതിയുമുണ്ട്. ബംഗളൂരു, ചെന്നൈ, മംഗലാപുരം റൂട്ടുകളിലാണ് സ്ഥിതി രൂക്ഷം. വിദ്യാർത്ഥികളും, ഐ.ടി ജീവനക്കാരുമാണ് ഏറെയും യാത്രക്കാർ. ചെന്നൈ, ബംഗളൂരു റൂട്ടുകളില്‍ ട്രെയിൻ കുറവാണെന്നതും സ്വകാര്യ ബസ് കൊള്ള തടസമില്ലാതെ തുടരാൻ സഹായിക്കുന്നു. കോട്ടയം വഴി തിരക്കേറിയ ദിവസങ്ങളില്‍ ബംഗളൂരുവിലേക്ക് 35 ലേറെ സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സിയാകട്ടെ ആറെണ്ണം മാത്രം. ചെന്നൈയിലേക്ക് 6 മുതല്‍ 10 വരെയും, മംഗലാപുരത്തേക്ക് പത്തിലേറെയും സ്വകാര്യ ബസ് സർവീസുകളുണ്ട്.






