തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. ശ്രീറാം വെങ്കിട്ട രാമനെ കൃഷിവകുപ്പില്‍ നിന്ന് വനംവകുപ്പിലേക്ക് മാറ്റി.
ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കിയും സ്ഥലം മാറ്റിയും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലം മുന്നില്‍ക്കണ്ട് ശബരിമലയിലെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക എ.ഡി.എം. തസ്തിക സൃഷ്ടിച്ചതാണ് ഉത്തരവിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. അതേസമയം തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് പുതിയ കളക്ടര്‍മാരെയും നിയമിച്ചു.
2026-27 മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ മേഖലകളിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 'അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (ശബരിമല)' എന്ന എക്സ്-കേഡര്‍ തസ്തിക സൃഷ്ടിച്ചു.
ദിലീപ് കെ. കൈനിക്കാര ഐ.എ.എസ്.-നെയാണ് ഈ തസ്തികയില്‍ നിയമിച്ചത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പുതിയ ചുമതല നിര്‍ണായകമാകും.
തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ.എസ്. ഐ.എ.എസ്.-നെ നിയമിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറായിരുന്ന അഞ്ജു കെ.എസ്. വിഴിഞ്ഞം പോര്‍ട്ട് പുനരധിവാസ മേല്‍നോട്ട സമിതി അധ്യക്ഷയുടെ ചുമതലയും തുടരും.
നിലവിലെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരിയെ ജി.എസ്.ടി. സ്പെഷ്യല്‍ കമ്മീഷണറായി മാറ്റി നിയമിച്ചു.
വയനാട് ജില്ലാ കളക്ടറായി ചെല്‍സാസിനി വി. ഐ.എ.എസ്. നിയമിതയായി. ഫിഷറീസ് ഡയറക്ടറായിരുന്ന ചെല്സാസിനിയെയാണ് വയനാട്ടിലേക്ക് മാറ്റിയത്.
കാസര്‍ഗോഡ് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ഐ.എ.എസ്. നിയമിതയായി. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യയാണ് ഇനി കാസര്‍ഗോഡ് ജില്ലാ ഭരണത്തിന് നേതൃത്വം നല്‍കുക.
നിലവിലെ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനെ കൃഷി വികസന-കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. എറണാകുളം, തൃശ്ശൂര്‍ കളക്ടര്‍മാര്‍ക്കും അധിക ചുമതല നൽകി.






