മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികളടക്കം മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
ബഹറംപൂർ മേഖലയിലെ കർണസുബർണ (കത്വ) റെയിൽവേ ക്രോസിങ്ങിൽ വിദ്യാർഥികളുമായി പോയ സ്കൂൾ വാനിലേക്ക് പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ വാൻ ഡ്രൈവറും രണ്ട് കുട്ടികളുമാണ് മരിച്ചത്. പരിക്കേറ്റ നിരവധി വിദ്യാർഥികളെ വിദഗ്ധ ചികിത്സയ്ക്കായി മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു ട്രെയിൻ കടന്നുപോയതിന് ശേഷം ലെവൽ ക്രോസ് ഗേറ്റ് തുറന്ന സമയത്താണ് നിംതിത-കത്വ പാസഞ്ചർ ട്രെയിൻ അപ്രതീക്ഷിതമായി എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗേറ്റ് തുറന്നതിനെ തുടർന്ന് പാളം മുറിച്ചുകടക്കുകയായിരുന്ന സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഗേറ്റ് വാച്ചറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മുതിർന്ന പോലീസ്, റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ഔദ്യോഗികമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.






