തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി രാത്രികാലങ്ങളില്‍ കോച്ചുകളിലെ മൊബൈല്‍ ചാർജിങ് പോയിന്റുകള്‍ നിർബന്ധമായും ഓഫ് ചെയ്തു വെക്കാൻ റെയില്‍വേ ബോർഡ് ഉത്തരവിട്ടു.
രാത്രി 11മണി മുതല്‍ പുലർച്ചെ അഞ്ച് മണി വരെയാണ് ഈ നിയന്ത്രണം. റെയില്‍വേ ബോർഡ് ഇതുസംബന്ധിച്ച അടിയന്തര നിർദേശം എല്ലാ സോണല്‍ റെയില്‍വേകള്‍ക്കും കൈമാറി.
ട്രെയിനുകളില്‍ അപകടങ്ങളും ഷോർട്ട് സർക്യൂട്ട് സാധ്യതകളും ഒഴിവാക്കാൻ 2014-ല്‍ പുറപ്പെടുവിച്ച നിർദേശം കർശനമായി നടപ്പിലാക്കാനാണ് ഈ തീരുമാനം.
അടുത്തിടെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ ഓണ്‍ബോർഡ് ജീവനക്കാർ ചാർജിങ് പോയിന്റുകള്‍ ഓഫ് ചെയ്യാതിരുന്നതിനെ തുടർന്ന്, രാത്രിയില്‍ ചാർജ് ചെയ്യാൻ വച്ച പവർ ബാങ്ക് പുകയോടെ പൊട്ടിത്തെറിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെയും സൂപ്പർവൈസർമാരുടെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ നടത്തും.






