കൊച്ചി: എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് വൈകീട്ടത്തെ യാത്രാ ദുരിതത്തിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തില്‍ അംഗീകാരം.
വൈകുന്നേരങ്ങളില്‍ വേണാട് എക്സ്പ്രസിലുണ്ടാകുന്ന യാത്രാ തിരക്കിന് പരിഹാരം ആകുന്ന തരത്തില്‍ വേണാട് എക്സ്പ്രസിന് മുന്നേയാകും കോട്ടയം വഴിയുള്ള പുതിയ ട്രെയിൻ സർവീസ്. പത്ത് ദിവസത്തിനകം ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
എറണാകുളം - കോട്ടയം - ചെങ്ങന്നൂർ - കൊല്ലം റൂട്ടിലാണ് പുതിയ ട്രെയിൻ. സർവീസ് ആരംഭിക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചതോടെ സർവീസിനുള്ള പ്രധാന കടമ്പ പൂർത്തിയായി. വൈകിട്ട് 4 മണിയോടെ എറണാകുളം ജങ്ഷനില്‍ നിന്ന് വേണാട് എക്സ്പ്രസ്സിന് മുമ്പായി പുറപ്പെടുന്ന തരത്തില്‍ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
വേണാട് എക്സ്പ്രസ് വൈകീട്ട് 05:15നാണ് നിലവില്‍ എറണാകുളം ടൗണില്‍ നിന്ന് പുറപ്പെടുന്നത്. 05:37 തൃപ്പൂണിത്തുറയില്‍ എത്തുമ്പോഴേക്ക് ട്രെയിനില്‍ കാലുകുത്താൻ ഇടമില്ലാതെയാകും. പുതിയ ട്രെയിൻ വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ട്രെയിനിനായി ഇതിനായി മെമു അല്ലെങ്കില്‍ ഐസിഎഫ് കോച്ചുകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യത റെയില്‍വേ പരിശോധിക്കുകയാണ്. എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയുള്ള സർവീസായി ആരംഭിച്ച്, തുടർന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
പുതിയ സർവീസ് യാഥാർഥ്യമാകുന്നതോടെ എറണാകുളം മുതല്‍ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, പുനലൂർ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് വേണാട് എക്സ്പ്രസ്സിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ കാണിച്ച് വിഷയം വിശദമായി ബോധ്യപ്പെടുത്തിയിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നില്‍ക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തില്‍ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളത്. 'വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു റെയില്‍വേ മന്ത്രിയോട് ഞാൻ പ്രധാനമായും ആവശ്യപ്പെട്ടത്.' കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
മന്ത്രിയുടെ ഓഫീസില്‍ നിന്ന് റെയില്‍വേ ബോർഡിലേക്ക് നിർദ്ദേശം കൈമാറുകയും, റെയില്‍വേ ബോർഡ് സതേണ്‍ റെയില്‍വേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് (CPTM) ആവശ്യമായ നടപടികള്‍ക്കായി നിർദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും എംപി പറഞ്ഞു






