ഏറ്റുമാനൂർ:നൂറുകണക്കിന് വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന
നാൽക്കവലയിൽ അപകടം പതിയിരിക്കുന്നു.
യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല.
എംസി റോഡിലെ പാറോലിക്കൽ ജംഗ്ഷനു സമീപം ഓൾഡ് എംസി റോഡിലെ കവലയിലാണ് ഈ ദുരവസ്ഥ.
എംസി റോഡിൽ നിന്ന് മണർകാട് ബൈപാസ് റോഡിലേക്കും തിരികെയും ഓൾഡ് എംസി റോഡ്
വഴി കോട്ടയത്തേക്കും ഏറ്റുമാനൂരേക്കും പോകേണ്ട വാഹനങ്ങൾ ഈ ജംഗ്ഷൻ കടന്നു വേണം പോകാൻ.
ഒരേ സമയം നാലുഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഇവിടെ സംവിധാനങ്ങൾ ഒന്നുമില്ല.
പലപ്പോഴും കവലയിൽ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
ഒരേ സമയം എല്ലാ ദിശകളിൽ നിന്നും എത്തുന്ന വാഹനങ്ങൾ കവലയിൽ ഗതാഗത കുരുക്കുണ്ടാക്കുന്നു.
ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കവും ആ റോഡിൽ പതിവാണ്.
ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ റോഡിലെ തിരക്കേറിയിട്ടുണ്ട്.
ഏറ്റുമാനൂർ ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ ഇതു വഴി തിരിച്ചുവിടും.
അപ്പോൾ ദുരിതമേറും. ക്രിസ്മസും തുടർന്ന് അതിരമ്പുഴ പള്ളി തിരുനാളും വരുന്നതോടെ തിരക്ക് വീണ്ടും വർധിക്കും.
കവലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല.






