ചെന്നൈ : യുവതിയെയും യുവാവിനെയും വെട്ടിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ സ്വദേശിയായ സഞ്ജയ് ഗാന്ധിയെയാണ് ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ സഹപാഠിയായിരുന്ന മാലിനി, ഇവരുടെ ബന്ധുവായ രഞ്ജിത് കുമാർ എന്നിവരെയാണ് സഞ്ജയ് ഗാന്ധി കൊലപ്പെടുത്തിയത്. തിരുവണ്ണാമലൈയ്ക്ക് സമീപം തിരുപ്പത്തൂരിലായിരുന്നു സംഭവം.
സഞ്ജയ് ഗാന്ധിയും മാലിനിയും തിരുവണ്ണാമലൈയിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സ്കൂളിൽ പൂർവവിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചിരുന്നു. ഈ റീയൂണിയനിൽവെച്ച് സഞ്ജയ് ഗാന്ധിയും മാലിനിയും സൗഹൃദം പുതുക്കി. തുടർന്ന് ഇരുവരും അടുപ്പത്തിലായി. എന്നാൽ, ഏതാനും ദിവസങ്ങളായി മാലിനി തന്നെ അവഗണിക്കുകയാണെന്നാണ് സഞ്ജയ് ഗാന്ധിയുടെ മൊഴി.
ബന്ധുവായ രഞ്ജിത്കുമാറുമായി മാലിനി അടുപ്പത്തിലായെന്നും സഞ്ജയ് ഗാന്ധി സംശയിച്ചു. ഇതോടെ രണ്ടുപേരെയും കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുകയായിരുന്നു. മാലിനിയും രഞ്ജിത് കുമാറും തിരുപ്പത്തൂരിൽ ഒരു പുരയിടം നോക്കാനെത്തിയപ്പോഴാണ് പ്രതി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും കാറിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി രണ്ടുപേരെയും വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.






