കണ്ണൂര്‍: കൊലവിളിപ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനനെതിരെ കേസെടുത്തു.
കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ വേദിയില്‍ ധനരാജ് വധക്കേസിലെ കോടതി വിധിയെ വിമര്‍ശിച്ച അദ്ദേഹം ജഡ്ജിക്കെതി രെയും അധിക്ഷേപം ഉന്നയിച്ചു.
കലാപാഹ്വാനം ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 192 (ഒരു വര്‍ഷം വരെ തടവോ പിഴയോ), 351(3) (ഏഴ് വര്‍ഷം വരെ തടവോ പിഴയോ), 352 (രണ്ട് വര്‍ഷം വരെ തടവോ പിഴയോ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ചീമേനി സംഭവ ത്തില്‍ സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചില്ല. എന്നാല്‍ അവരാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന വസ്തുത ഓര്‍മ്മിക്കണമെന്നും, കണക്കുകള്‍ തീര്‍ക്കേണ്ടത് അതേ രീതിയില്‍ തന്നെയായിരിക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഈ വാക്കുകളാണ് മുഹമ്മദ് ഷമ്മാസിന്റെ പരാതിക്ക് വഴിയൊരുക്കിയത്.
മധുസൂദനന്റെ പ്രസംഗത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. വിഷയം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പൊലീസ് പരിശോധിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.






