മുംബൈ: മുംബൈയിലെ വെടിവയ്പ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടൻ ടൈഗർ ഷ്രോഫ് വീട് മാറുന്നു.
സംഭവത്തിന് ദിവസങ്ങള്‍ക്കുശേഷം മുംബൈയിലെ ഖാർ വെസ്റ്റിലുള്ള തന്റെ ഫ്ലാറ്റ് ഒൻപത് കോടി രൂപയ്ക്ക് വിറ്റിരിക്കുകയാണ് താരം.
ഏകദേശം എട്ടു വർഷം മുൻപ് 7.61 കോടി രൂപയ്ക്ക് വാങ്ങിയ അപ്പാർട്ട്മെന്റാണ് ഇപ്പോള്‍ വിറ്റത്. ഒക്ടോബർ 22നാണ് വില്പന ഇടപാട് രജിസ്റ്റർ ചെയ്തത്.
റിയല്‍ എസ്റ്റേറ്റ് വിവരങ്ങള്‍ വിശകലനം ചെയ്യുന്ന സിആർഇ മാട്രിക്സ് പുറത്തുവിട്ട രജിസ്ട്രേഷൻ രേഖകള്‍ പ്രകാരം, റുസ്തംജി പാരമൗണ്ട് ഡി കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ഒൻപതാം നിലയിലാണ് ഫ്ലാറ്റ്. 1,291.14 ചതുരശ്രയടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റിനൊപ്പം 95.80 ചതുരശ്രയടി പ്രത്യേക സ്ഥലവും രണ്ട് കാറുകള്‍ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
വില്പനയ്ക്ക് 54 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടിയായി അടച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.
2018 ജൂലൈ 17ന് കീസ്റ്റോണ്‍ റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് ടൈഗർ ഈ ഫ്ലാറ്റ് വാങ്ങിയത്. 2019 നവംബർ 30ന് കൈവശം ലഭിച്ചു. ഇപ്പോള്‍ ചതുരശ്രയടിക്ക് ഏകദേശം 64,891 രൂപ കണക്കാക്കിയാണ് വില്പന നടന്നത്.






