മുംബൈ: ടൈഗർ ഷ്റോഫിനെതിരായ വധശ്രമ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.
ആക്രമണത്തിന് സാമ്പത്തിക സഹായം നല്കിയ പ്രതിയെ ആണ് മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്ന് പിടികൂടിയത്.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവും സംഘാംഗമായ നീരജ് ഫരീദ്പുരിയയും അമേരിക്കയില്‍ അറസ്റ്റിലായി.
ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ സാമ്പത്തിക സഹായമുള്‍പ്പടെ നല്കിയ പ്രതിയാണ് ഇൻഡോറില്‍ നിന്ന് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി.
2022 ല്‍ നടന്നൊരു സിനിമാ പ്രമോഷനിടെ സല്മാൻ ഖാനെ പുകഴ്ത്തിയതോടെയാണ് ടൈഗറിനെയും ലക്ഷ്യമിട്ടതെന്നാണ് പ്രതികളുടെ മൊഴി. ബോളിവുഡിലെ യഥാർത്ഥ ടൈഗർ സല്മാൻ ഖാനെന്നായിരുന്നു ടൈഗർ ഷ്റോഫിന്റെ പരാമർശം.
തനിക്ക് ശത്രുക്കളാരുമില്ലെന്നും ആക്രമണത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ലെന്നും ടൈഗർ ഷ്റോഫ് പറഞ്ഞു. നടൻ മാനസികമായി തയ്യാറായാല്‍ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം.
ആക്രമണത്തിന് മുൻപും ശേഷവും പ്രതികള്‍ ഇന്റർനെറ്റ് കോളും സിഗ്നല്‍ ആപ്പും ഉപയോഗിച്ചു. പൊലീസിന്റെ നീക്കങ്ങളും വാർത്തകളും ഒരാള്‍ നിരന്തരം പ്രതികളെ അറിയിച്ചു.
യാത്രയും റൂട്ട്മാപ്പും തീരുമാനിച്ചത് ഈ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തല്‍. ഇതിനിടെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവും നീരജ് ഫരീദ്പുരിയയും യുഎസിലെ ലാസ് വെഗാസില്‍ വച്ച് പിടിയിലായി.
ഹരിയാന ഡല്‍ഹി - പൊലീസിന്റെ പിടികിട്ടാപുള്ളി പട്ടികയിലുള്ള ഹിമാൻഷു ലോറൻസ് ബിഷ്ണോയി ഗ്യാങിന്റെ എതിരാളിയാണ്. പ്രതികളെ ഇന്ത്യയിലെത്തിക്കാനുളള നീക്കം തുടങ്ങി.






