കോട്ടയം: വീട്ടിലെ അടുക്കള തുടയ്ക്കുന്ന തുണികള്‍ എളുപ്പത്തില്‍ അഴുക്ക് പിടിക്കുന്നവയാണ്.
കൈ തുടയ്ക്കാൻ മാത്രമല്ല കൗണ്ടർ ടോപ്പുകള്‍ തുടയ്ക്കാനും മറ്റും ഉപയോഗിക്കുന്നത് കൊണ്ട് വേഗത്തില്‍ ഇതി എണ്ണമയവും ഭക്ഷണാവശിഷ്ടങ്ങളുമൊക്കെ പിടിക്കും.
അടുക്കളയില്‍ ഉപയോഗിക്കുന്നതായത് കൊണ്ട് തന്നെ ഈ തുണികള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തന്നെ വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ച് അടുക്കളയിലെ തുണികള്‍ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.
കറകള്‍ ഉടൻ തന്നെ കഴുകുക
കറകള്‍ ഉണ്ടാകുമ്പോള്‍ തന്നെ കഴുകിക്കളയുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും. എണ്ണമയമുള്ള കറകള്‍ക്ക് കുറച്ച് ഡിഷ് സോപ്പ് പുരട്ടി 10-15 മിനിറ്റ് വെക്കുക. മഞ്ഞള്‍, ചായ, തക്കാളി സോസ് എന്നിവയുടെ കറകള്‍ക്ക് ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത പേസ്റ്റ് 30 മിനിറ്റ് പുരട്ടി വെക്കുന്നത് കറകള്‍ മാറ്റാൻ സഹായിക്കും. തുണി കഴുകാൻ എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുക, ചൂടുവെള്ളം ഉപയോഗിച്ചാല്‍ കറകള്‍ തുണിയില്‍ ഉറച്ചുപോകാൻ ഇടയാകും.
തുണി കുതിർത്ത് വെക്കുക
ഒരു പാത്രത്തില്‍ ചൂടുവെള്ളമെടുത്ത് അതില്‍ 2 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും കുറച്ച് ഡിഷ് സോപ്പും ചേർക്കുക. കട്ടിയുളള കറകളാണെങ്കില്‍ തുണികള്‍ ഇതില്‍ കുറച്ച് മണിക്കൂറുകളോ അല്ലെങ്കില്‍ രാത്രി മുഴുവനുമോ കുതിർത്തു വെക്കുക. രാവിലെ കഴുകിയെടുക്കുക.
ചൂടുവെള്ളത്തില്‍ കഴുകുക
അടുക്കളയിലെ തുണികള്‍ മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം കഴുകരുത്. കോട്ടണ്‍ തുണികള്‍ക്ക് 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടുവെള്ളവും സാധാരണ ഡിറ്റർജന്റും ഉപയോഗിച്ച് കഴുകുന്നത് അണുക്കളെ നശിപ്പിക്കാനും എണ്ണമയം മാറ്റാനും സഹായിക്കും. ദുർഗന്ധം മാറുന്നില്ലെങ്കില്‍ കഴുകുന്ന വെള്ളത്തില്‍ അര കപ്പ് വൈറ്റ് വിനാഗിരി ചേർക്കാം.
കടുത്ത ദുർഗന്ധം മാറ്റാൻ
കഴുകിയ ശേഷവും നാപ്കിനുകളില്‍ ദുർഗന്ധം ഉണ്ടെങ്കില്‍ അതില്‍ ബാക്ടീരിയകള്‍ അവശേഷിക്കുന്നുണ്ടെന്നാണ് അർത്ഥം. ചെറുചൂടുവെള്ളത്തില്‍ ഒരു കപ്പ് വൈറ്റ് വിനാഗിരി ചേർത്ത് 30 മിനിറ്റ് കുതിർത്ത ശേഷം സാധാരണ പോലെ കഴുകിയെടുക്കുക. കഴുകിയ ശേഷം നന്നായി വെയിലത്തിട്ട് ഉണക്കുക.






