തൃശൂർ: ഓണാഘോഷങ്ങളുടെ കൊട്ടിക്കലാശമായി പുലിസംഘങ്ങൾ പുലിപ്പൂരം തീർത്തപ്പോൾ ആവേശപൂർവമെത്തിയ ജനക്കൂട്ടത്തിന് അത് മതിവരാക്കാഴ്ച്ചയായി.
കുട്ടിപ്പുലികൾ മുതൽ പെൺപുലികൾ വരെ പുലിപ്പടയുടെ മാർച്ചിൽ അണിനിരന്നു. അതിൽ വയറൻപുലികളും കരിമ്പുലികളുമുണ്ടായി.
വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്.
യുവജനക്ഷേമ കായിക മന്ത്രി ഒ ജെ ജനീഷാണ് പുലിക്കളിക്ക് ഫ്ലാഹ് ഓഫ് നടത്തിയത്. 9 സംഘങ്ങളിലായി 450 ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ ആവേശത്തിലാറാടിക്കുന്നത്.
കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങി ആവേശം പകരുന്നുണ്ട്. ഓരോ സംഘത്തിലും 50 ലധികം പുലികളാണ് അണിനിരക്കുന്നത്. ഇവർക്കൊപ്പം നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് അഴകേകുകയാണ്.
തൃശൂർ സ്വരാജ് റൗണ്ടിൽ തുടങ്ങിയ പുലിക്കളിയിൽ ശരീരത്തിൽ പുലിയുടെയും കടുവയുടെയും മാതൃകകൾ ചായം പൂശി, മണി കെട്ടിയ അരപ്പട്ടയും അണിഞ്ഞ് തകിലടിയുടെയും ചെണ്ടമേളത്തിന്റെയും താളത്തിനൊത്ത് പുലിവേഷധാരികൾ തുള്ളിയുറയുന്ന കാഴ്ച അത്രേമേൽ ആവേശമാണ് പകരുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ മഹാമഹത്തിന് സാക്ഷ്യം വഹിക്കാനായി പൂരനഗരിയിൽ എത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപം തൃശൂരിന്റെ സാംസ്കാരിക തനിമയുടെയും ഓണാഘോഷങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത പ്രധാന ആകർഷണമാണ്. മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചവെയിലാറിയപ്പോൾ ദേശങ്ങളിൽ അതുവരെ അടച്ചിട്ടിരുന്ന പുലിമടകൾ തുറന്നുവിട്ടു. അരയിൽ അരമണി കെട്ടി പുലിമുഖം ധരിച്ച് ഓരോ സംഘങ്ങളും പൂരനഗരി ലക്ഷ്യമിട്ട് പുറപ്പെട്ടു. ഒപ്പം അസുരവാദ്യത്തിൽ പുലിത്താളവും.
ഓരോ ദേശങ്ങളിലും അമ്പതോളം പുലികൾ അണിനിരന്നപ്പോൾ നഗരത്തിൽ തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്ക് അത് ആവേശമായി.






