തൃശ്ശൂർ: കുതിരാൻ തുരങ്ക പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് മന്ത്രിതല സംഘം അടിയന്തര സന്ദർശനം നടത്തി.
തുരങ്കത്തിന്റെ തൃശൂർ - പാലക്കാട് കവാടത്തിന് സമീപമാണ് മണ്ണിടിച്ചില്‍ റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഒ.ജെ. ജനീഷ്, അഡ്വ. കെ. രാജൻ എംഎല്‍എ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി.
തുരങ്കത്തിന് മുകള്‍ ഭാഗത്ത് ഉണ്ടായ മണ്ണിടിച്ചില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആശങ്കയെ തുടർന്നാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചത്. ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ജലസേചന-വനം വകുപ്പുകള്‍, കേരള വന ഗവേഷണ കേന്ദ്രം, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ഐഐടി പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധർ ഉള്‍പ്പെട്ട സംഘമാണ് സ്ഥലത്ത് വിശദമായ പരിശോധന നടത്തിയത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധ സംഘം പ്രാഥമികമായി റിപ്പോർട്ട് നല്‍കിയത്. എന്നാല്‍ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ക്ക് വിശദമായ പഠനവും സാങ്കേതിക പരിശോധനയും ആവശ്യമാണെന്നും സംഘം അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയ്ക്ക് ജില്ലാ ഭരണകൂടം കത്തയച്ചിട്ടുണ്ട്. ഓഗസ്റ്റ് 10-ന് ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തും.
പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പ്രധാന മാർഗമാണ് കുതിരാൻ തുരങ്കം. തുരങ്കത്തിന്റെ മുകള്‍ ഭാഗത്ത് രണ്ടിടത്തായാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് ഗതാഗത നിയന്ത്രണമോ തുരങ്കം അടച്ചിടാനോ ഉള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും മഴ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.






