തൃശൂർ: ചായ്പൻകുഴി സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നു വീഴുകയായിരുന്നു.
അവധി ദിവസമായതിനാൽ അധ്യാപകരും വിദ്യാർഥികളും സ്കൂളിൽ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
സ്കൂളിനോട് ചേർന്ന് മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാന നിർമിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ നിർമാണ പ്രവർത്തനങ്ങൾക്ക് അപകടവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കും.
കെട്ടിടത്തിന്റെ ഗുണനിലവാരം, നിർമാണ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും അന്വേഷണ പരിധിയിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.






