കോട്ടയം: നഗരത്തിലെ തിരക്കേറിയ പാതയോരങ്ങളിലൂടെ നടക്കുമ്പോള്‍ ശ്രദ്ധ ഒന്നു തെറ്റിയാല്‍ ഓടയില്‍ വീഴുമെന്ന് പറഞ്ഞാലും അദ്ഭുതപ്പെടാനില്ല.
കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി നിലകൊള്ളുകയാണ് പാതയോരത്തെ ഓടകളും സ്ലാബുകളും.
തിരുനക്കര മൈതാനത്തെ സ്റ്റേഡിയത്തിന് പിൻവശത്തായി ടി.ബി.റോഡില്‍ നിന്ന് എം.സി. റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടസാദ്ധ്യത ഉയർത്തി ഇരുമ്പ് സ്ലാബ് നില്‍ക്കുന്നത്. സ്ലാബ് ഉയർന്നു നില്ക്കുന്നതിനാല് കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഒരുപോലെ കെണിയാണ്.
കെ.കെ റോഡില്‍ നിന്നും ബേക്കർ ജംഗ്ഷനില്‍ നിന്നും തിരുനക്കര മൈതാനം റോഡിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്ന വണ്‍വേ റോഡാണിത്. മാസങ്ങളായി റോഡിന്റെ വശങ്ങള് തകർന്ന നിലയിലാണെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടകരമാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
വളവിനോട് ചേർന്ന ഭാഗത്താണ് കുഴിയ്ക്ക് മുകളിലുള്ള സ്ലാബ്. തിരക്കേറിയ സമയങ്ങളില്‍ വളവിലൂടെ വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ പെട്ടെന്ന് കണ്ണില്‍പ്പെടില്ല. ഇവിടെ വീഴാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
റോഡിന്റെ വശത്തെ കട്ടിംഗില്‍ വാഹനങ്ങള്‍ തട്ടുന്നതിനെ തുടർന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും യാത്രക്കാർ പറയുന്നു.
ഓടയ്ക്ക് മുകളിലെ കമ്പികള്‍ രാത്രികാലങ്ങളില്‍ ഇത് കൂടുതല്‍ അപകടകരമാകുന്നു. മഴ പെയ്യുമ്പോള്‍ ഓട നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുന്നതും സ്ഥിതി രൂക്ഷമാക്കുന്നു.
കുത്തൊഴുക്കില്‍ വെള്ളം ഒഴുകുന്നതിനാല്‍ റോഡിന്റെ വശങ്ങളിലൂടെയുള്ള യാത്രയും ദുഷ്കരമാണ്. നഗരത്തിലെ പ്രധാന ഗതാഗതപാതകളിലൊന്നായ ഇവിടെ അപകടം ഒഴിവാക്കാൻ റോഡിന്റെ തകർന്ന ഭാഗങ്ങളും ഓടയും അടിയന്തരമായി പുനസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.






