തൃശൂർ: സൗദി അറേബ്യയില്‍ ജോലിയും ഉംറ നിർവഹിക്കാനുള്ള സൗകര്യവും വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഇരകളാക്കിയെന്ന പരാതിയില്‍ മലയാളി യുവാവടക്കം എട്ട് ഇന്ത്യക്കാർ ജയിലില്‍.
തൃശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷെരീഫും പശ്ചിമബംഗാള്‍ സ്വദേശികളായ ഏഴ് പേരുമാണ് ജിദ്ദ വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായതിനെ തുടർന്ന് തടവില്‍ കഴിയുന്നത്. കേസില്‍ പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടതായും ഇതോടെ കുടുംബം കടുത്ത ആശങ്കയിലാണെന്നും ഉമർ ഷെരീഫിന്റെ ഭാര്യ ഹാജറയുടെ പരാതിയില്‍ പറയുന്നു.
ജോലിയും സ്ഥിരം വിസയും വാഗ്ദാനം ചെയ്ത് കൊച്ചന്നൂർ സ്വദേശി ആഷിക് തങ്ങള്‍ , മലപ്പുറം സ്വദേശി അലി എന്നിവർ ഭർത്താവിനെ ചതിയില്പ്പെടുത്തുകയായിരുന്നുവെന്ന് ഹാജറയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇടപെട്ട് യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്ത് സൗദിയിലേക്ക്; ചതിച്ചത് നാട്ടുകാരനായ സുഹൃത്ത്2020 മുതല്‍ ഉമർ ഷെരീഫ് നാട്ടിലായിരുന്നുവെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. 2026 ജൂലൈയില്‍ ഉമറിന്റെ സുഹൃത്തും നാട്ടുകാരനുമായ ആഷിക്, സൗദി അറേബ്യയില്‍ ജോലി ലഭിക്കാനുള്ള അവസരമുണ്ടെന്ന് അറിയിച്ചു. വിസിറ്റിങ് വിസയില്‍ പോയാല്‍ ജോലി ലഭിക്കുമെന്നും പിന്നീട് സ്ഥിരം വിസയിലേക്ക് മാറാമെന്നും ആഷിക് ഉറപ്പുനല്‍കി.
പാസ്പോർട്ടും മറ്റ് രേഖകളും ആഷിക്കിനെ ഏല്‍പ്പിച്ച ഉമർ, അയാളുടെ നിർദേശപ്രകാരം ഓഗസ്റ്റ് 9ന് കോയമ്പത്തൂരിലെത്തി. ഈ സമയം ആഷിക്കും കോയമ്പത്തൂരിലുണ്ടായിരുന്നു. തുടർന്ന് ഓഗസ്റ്റ് 10ന് ഉമറിനൊപ്പം ആഷിക്ക് ഏർപ്പാടാക്കിയ ഏഴ് പശ്ചിമബംഗാള്‍ സ്വദേശികളും സൗദിയിലേക്ക് പോയിരുന്നു.
ഭക്ഷണവും മരുന്നുമെന്ന പേരില്‍ പാക്കറ്റുകള്സൗദിയില് ജോലി ശരിയാക്കുന്ന ആളുകള്‍ക്ക് നല്‍കാനാണെന്ന് പറഞ്ഞ് നാടൻ ഭക്ഷണസാധനങ്ങളും മരുന്നുകളുമാണെന്ന പേരില്‍ പല പാക്കറ്റുകളും എട്ടുപേർക്കും കൈമാറിയിരുന്നതായി പിന്നീട് അറിഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, സൗദിയിലെത്തിയ ഉടൻതന്നെ ഉമറിനെയും മറ്റ് ഏഴുപേരെയും ലഹരിമരുന്ന് കടത്ത് കേസില്‍ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തതായി കുടുംബത്തിന് വിവരം ലഭിച്ചു.
ഭർത്താവിനെക്കുറിച്ച് ദിവസങ്ങളോളം വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് ആഷിക്കിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ഹാജറ പറയുന്നത്. ആഷിക് സൗദിയിലുണ്ടെന്നും ഭർത്താവിന്റെ ഫോണ്‍ തകരാറിലായതിനാലാണ് ബന്ധപ്പെടാൻ കഴിയാത്തതെന്നും ഇയാള്‍ ആദ്യം പറഞ്ഞതായി പരാതിയില്‍ പറയുന്നു. പിന്നീട് ആഷിക്കിന്റെ ഭാര്യയുമായി ബന്ധപ്പെട്ടപ്പോഴാണ് എട്ടുപേരും സൗദിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന വിവരം അറിഞ്ഞതെന്നും ഹാജറ വ്യക്തമാക്കുന്നു. ജയിലില്‍നിന്ന് ഭർത്താവ് വിളിച്ചപ്പോഴാണ് ചതിക്കപ്പെട്ട കാര്യം അറിഞ്ഞത്.
ആഷിക്കിനും അലിയ്ക്കുമെതിരെ ആരോപണംതൃശൂർ കൊച്ചന്നൂർ സ്വദേശി ആഷികും മലപ്പുറം നന്മനൂക്ക് സ്വദേശിയായ അണ്ടിയൂർ വളപ്പില്‍ അലിയുമാണ് സംഭവത്തിന് പിന്നിലെന്നാണ് ഉമർ ഷെരീഫിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇരുവരും ചേർന്ന് ലഹരിമരുന്ന് കടത്തുന്നതിനായി ഉമറിനെയും മറ്റ് യുവാക്കളെയും ചതിയില്പ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം. ഇവർക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും പരാതിയിലുണ്ട്.
രണ്ട് കുട്ടികളും പ്രായമായ മാതാപിതാക്കളും; സഹായം തേടി കുടുംബം11ഉം അഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ഉമറിന്റെ പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബം കടുത്ത പ്രതിസന്ധിയിലാണെന്ന് ഹാജറ പറയുന്നു. ഭർത്താവ് നിരപരാധിയാണെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്തിയാല്‍ മാത്രമേ സൗദിയിലെ നിയമനടപടികളില്‍ അദ്ദേഹത്തിന് അനുകൂലമായ സാഹചര്യമുണ്ടാകൂവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ കുന്നംകുളം പൊലീസ്, ജില്ലാ പൊലീസ് മേധാവി, സംസ്ഥാന എഡിജിപി എന്നിവർക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖേന ഇന്ത്യൻ കോണ്‍സുലേറ്റിനും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തി യഥാർഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സൗദിയില്‍ തടവില്‍ കഴിയുന്നവരുടെ കാര്യത്തില്‍ സർക്കാർ തലത്തില്‍ അടിയന്തര ഇടപെടല്‍ നടത്താനുമാണ് കുടുംബത്തിന്റെ ആവശ്യം.






