പരിയാരം/നേമം: കണ്ണൂർ ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരാള്‍ക്ക് സ്വന്തം ലൈഫ് ജാക്കറ്റ് നല്കി ജീവൻ രക്ഷിച്ച ശേഷം തിരികെ നീന്തുന്നതിനിടെ മരിച്ച കല്ലിയൂർ സ്വദേശി രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ നടപടി.
സംഭവത്തില്‍ പയ്യന്നൂർ തഹസില്‍ദാറെ സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നാലുദിവസത്തോളം വെള്ളത്തില്‍ കിടന്ന നിലയില്‍ കണ്ടെത്തിയ രാജേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ആവശ്യമായ രീതിയില്‍ പൊതിഞ്ഞുകെട്ടുകയോ എംബാം ചെയ്യുകയോ ചെയ്യാതെയാണ് ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസില്‍ തിരുവനന്തപുരത്തേക്ക് അയച്ചതെന്നാണ് പരാതി.
കണ്ണൂരില്‍നിന്ന് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിന് ആവശ്യമായ മൊബൈല്‍ മോർച്ചറി സൗകര്യമുള്ള ആംബുലൻസ് ലഭ്യമാക്കുന്നതില്‍ പയ്യന്നൂർ തഹസില്‍ദാറുടെയും പരിയാരം മെഡിക്കല്‍ കോളജ് അധികൃതരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.
ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മൊബൈല്‍ മോർച്ചറി സംവിധാനമുള്ള ആംബുലൻസ് അനുവദിക്കണമെന്ന് തഹസില്‍ദാറോടും ആശുപത്രി അധികൃതരോടും ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസില്‍ മൃതദേഹം കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് എത്തിയപ്പോഴേക്കും ദുർഗന്ധം വമിക്കാൻ തുടങ്ങി. തുടർന്ന് തൃശൂർ ചാവക്കാട് എത്തിയപ്പോള്‍ മൃതദേഹം പൊതിഞ്ഞിരുന്ന ഭാഗം പൊട്ടിയൊലിച്ച നിലയിലായി.
ഇതോടെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മൃതദേഹം വീണ്ടും പൊതിഞ്ഞ ശേഷം മൊബൈല്‍ മോർച്ചറി സംവിധാനമുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റി. എന്നാല്‍ പന്തളത്ത് എത്തിയപ്പോള്‍ ഈ ആംബുലൻസും കേടായി. തുടർന്ന് മറ്റൊരു ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
ചെറുപുഴയില്‍ പുഴയില്‍ വീണ് കാണാതായ രാജേഷിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് ബന്ധുക്കള്‍ എത്തി തിരച്ചില്‍ ഊർജിതമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിന് ശേഷമാണ് അധികൃതർ നടപടികള്‍ സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതായി ജില്ലാ കലക്ടറുടെ റിപ്പോർട്ടില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പയ്യന്നൂർ തഹസില്‍ദാറിനെതിരെ അടിയന്തര നടപടിക്ക് തീരുമാനമായത്.






