കരൂർ: ഭൂമിയുടെ പട്ടയം അനുവദിക്കാൻ കൈക്കൂലിയായി പണത്തിനും സ്വർണത്തിനും പകരം വീട്ടില്‍ പാകം ചെയ്ത മീൻകറി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തമിഴ്നാട്ടിലെ കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കാർത്തിക്കിനെയാണ് സസ്പെൻഡ് ചെയ്തത്.
കൃഷിഭൂമിയുടെ പട്ടയത്തിനായി അപേക്ഷ നല്കിയ കർഷകനോടാണ് നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കാൻ വീട്ടില്‍ പാകം ചെയ്ത മീൻകറിയും ഊണും പാഴ്സലായി നല്‍കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. മീൻകറി നല്കിയാല് വേഗത്തില്‍ പട്ടയം അനുവദിക്കാമെന്നും ഉറപ്പ് നല്‍കിയതായി പരാതിയില്‍ പറയുന്നു.
ഉദ്യോഗസ്ഥനുമായുള്ള സംഭാഷണം കർഷകൻ ഫോണില്‍ റെക്കോർഡ് ചെയ്ത് അധികൃതർക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ നിരവധി ട്രോളുകളും കമന്റുകളും സജീവമായി.






