തൃശൂർ: ദേശീയപാത അതോറിറ്റിക്കെതിരായ വിമർശനങ്ങളില്‍ മറുപടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.
ഇപ്പോള്‍ നടക്കുന്ന വിമർശനങ്ങള്‍ "എസ്കേപിസം". തൃശൂരിലെ അപകടത്തില്‍ ലോറി ഡ്രൈവർ ചെയ്തത് വലിയ അപരാധം. പരസ്പരം പഴിചാരുകയല്ല വേണ്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണില്‍ സംസാരിച്ചു. ദേശീയപാതയില്‍ ഇനിമുതല്‍ കർശന പരിശോധനകള്‍ ഉണ്ടാകും.
25,000 മുതല്‍ 50,000 വരെ പിഴ ഈടാക്കട്ടെ എന്നാണ് തീരുമാനം. രമേശ് ചെന്നിത്തല അനുകൂലമായ മറുപടി നല്കി. ഹൈവേയില്‍ അനധികൃതമായി വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ ഇനിമുതല്‍ കർശന നടപടി എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ ദേശീയപാതയില്‍ അപകടങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷ ശക്തമാക്കാൻ സംസ്ഥാന സർക്കാർ. റോഡ് സുരക്ഷ പൂർണമായി ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ വ്യക്തമാക്കി. ദേശീയപാതയില്‍ ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങളും നാലുവരി പാതാ നിർമാണത്തിന്റെ അന്തിമഘട്ടവും കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ദേശീയപാതയില്‍ പാർക്ക് ചെയ്ത വാഹനങ്ങളില്‍ ഇടിച്ചാണ് അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത്. ഇത്തരം അശാസ്ത്രീയ പാർക്കിങ് അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ പോലീസിന് നിർദേശം നല്‍കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അമിതവേഗത, മോശം വെളിച്ചം, അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങള്‍, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുമ്പോള്‍ സമ്പൂർണ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാത അതോറിറ്റിക്ക് (NHAI) നിർദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.






