ന്യൂഡൽഹി: കോടതികളിലെ എഐ ഉപയോഗത്തെക്കുറിച്ച് കരട് മാർഗനിർദേശം പുറത്തിറക്കി സുപ്രീം കോടതി.
ഇതിനെക്കുറിച്ചും പഠിക്കാനും വിശകലനം ചെയ്യാനും നിർദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും ജൂലായ് 15വരെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുകയാണ്.
എഐയുടെ സാദ്ധ്യതകള്‍ കോടതികള്‍ സജീവമായി പരിഗണിക്കണമെന്നും എഴുത്തുപകർപ്പുകള്‍ തയ്യാറാക്കുന്നതിനും വിവർത്തനം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്നതിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്നും മാർഗനിർദേശത്തില്‍ പറയുന്നു. എഐയുടെ ദുരുപയോഗത്തിനെതിരായ സുരക്ഷാസംവിധാനങ്ങളും മാർഗനിർദേശത്തില്‍ മുന്നോട്ടുവയ്ക്കുന്നു.
നീതി നിർണയിക്കുന്ന അന്തിമ അധികാരികളായി എഐ മാറരുതെന്നും മുന്നറിയിപ്പ് നല്കുന്നു. office.regcc@sci.nic.in. എന്ന ഇമെയില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താൻ സാധിക്കും. ഉത്തരവാദിത്തത്തോടെയുള്ള എഐ ഉപയോഗത്തിനായി ചട്ടക്കൂട് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് മാർഗനിർദേശത്തില്‍ വ്യക്തമാക്കുന്നു.
മനുഷ്യ മുൻഗണന, സുതാര്യത, ഉത്തരവാദിത്തം, ഡാറ്റ സംരക്ഷണം, നീതിന്യായ സ്വാതന്ത്ര്യം എന്നിവയെ അധിഷ്ഠിതമാക്കിയാണ് ഉപയോഗമെന്ന് ഉറപ്പുവരുത്തുകയും വേണം. മനുഷ്യരുടെ വിധി നിർണയത്തിനും നീതിന്യായ അധികാരങ്ങള്‍ക്കും വിധേയപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലായിരിക്കണം ചട്ടക്കൂടെന്നും മാർഗനിർദേശത്തില്‍ പറയുന്നു. എഐ ഉപയോഗത്തില്‍ ഏതൊക്കെ കാര്യങ്ങളാണ് അനുവദനീയം, ഏതൊക്കെ നിരോധിക്കണം എന്നത് നിർണയിക്കണമെന്നും നിർദേശമുണ്ട്.
സുപ്രീം കോടതി, ഹൈക്കോടതി തലങ്ങളില്‍ എഐ കമ്മിറ്റികള്‍ രൂപീകരിക്കണം. ഇതിന്റെ മേല്‍നോട്ടത്തിനായി സ്ഥിരമായതും പൂർണസമയ പ്രവർത്തനമുള്ള സമിതി രൂപീകരിക്കണം. സ്ഥിരം സമിതിയില്‍ സുപ്രീം കോടതി ജഡ്ജിമാർ, സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർദേശിക്കുന്ന രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ എന്നിവർ ഉള്‍പ്പെടണം. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ, എഐ, ധനകാര്യം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർ, മുതിർന്ന നിയമവിദഗ്ദ്ധർ എന്നിവരും സമിതിയില്‍ ഉള്‍പ്പെടണമെന്ന് കരട് മാർഗനിർദേശത്തില്‍ പറയുന്നു.






