ഡല്‍ഹി: ഇന്ത്യയില്‍ വിവാഹമോചനത്തിന് വിദേശ രാജ്യങ്ങളിലെ ഉദാരനിയമത്തിന്റെ ആനുകൂല്യം ബാധകമാകില്ലെന്ന് സുപ്രീംകോടതി.
ഇന്ത്യയില്‍ നടന്ന വിവാഹത്തിന് വിദേശരാജ്യങ്ങളിലെ കോടതികളില്‍നിന്നു വിവാഹമോചനം നേടി പുനർവിവാഹം നടത്തുന്ന രീതിക്കെതിരേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഇന്ത്യയില്‍ നിയമപരമായി നിലനില്‍ക്കാത്ത പല കാരണങ്ങളും വിദേശരാജ്യങ്ങളില്‍ വിവാഹമോചനത്തിന് സാധുവായ കാരണങ്ങളാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിയമസാധുത ഇല്ലാത്ത കാരണങ്ങള്‍ ഉപയോഗിച്ച് വിദേശരാജ്യത്ത് വിവാഹമോചനം നേടി പുനർവിവാഹം ചെയ്യുന്നവർ ദ്വിഭാര്യാത്വത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിദേശ പൗരത്വം നേടിയ വ്യക്തിയാണെങ്കിലും ആദ്യ വിവാഹം ഇന്ത്യന്‍ നിയമപ്രകാരം നിലനില്‍ക്കുന്നതിനാല്‍ അയാള്‍ക്കെതിരെ നടപടികള്‍ ബാധകമാണെന്നും കോടതി പറഞ്ഞു.
“വിവാഹബന്ധത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്നം” എന്ന കാരണം ചൂണ്ടിക്കാട്ടി യുകെ പൗരത്വം നേടിയ ഇന്ത്യക്കാരനായ യുവാവിനെതിരേ ദ്വിഭാര്യാത്വത്തിന്റെ പേരില്‍ ക്രിമിനല്‍ നടപടികള്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അത്തരം വിദേശ കോടതി ഉത്തരവുകൾ സിവിൽ നടപടിക്രമ നിയമത്തിലെ (സിപിസി) സെക്ഷൻ 13 പ്രകാരം ഇന്ത്യയില്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി കൂട്ടിച്ചേർത്തു.






