തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകള്‍ പുറത്ത്. 433.81 കോടിയാണ് 35 ദിവസത്തെ വിറ്റുവരവ്.
കഴിഞ്ഞ വർഷം 385 കോടി ആയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ചു 48 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തിലെ 27.85 കോടിയാണ് കൂടുതല്‍ വിറ്റുവരവ്. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള കണക്കാണിത്.
കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 433.81കോടി രൂപയുടെ വിറ്റുവരവ് 35 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്- --27.85 കോടി രൂപ. ആകെ വിറ്റു വരവില്‍ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278. 42 കോടി രൂപ സബ്സിഡിയിതര ഇനത്തിലുമാണ്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞവർഷത്തേക്കാള്‍ 35 ശതമാനം വിലകുറച്ചാണ് ഇത്തവണ നല്‍കിയത്. 53.86 ലക്ഷം പേരാണ് സപ്ലൈകോയില്‍ നിന്ന് ഈ 35 ദിവസത്തിനിടയില്‍ സാധനങ്ങള്‍ വാങ്ങിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് 5.33. കോടി രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറില്‍ നിന്നുള്ള വിറ്റു വരവ് മാത്രം 94 ലക്ഷം രൂപയാണ്. കഴിഞ്ഞവർഷം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റു വരവ് 4.82 കോടി രൂപ ആയിരുന്നു.






