തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വൈദ്യുതി ലഭ്യമായ സ്ഥലങ്ങളില്‍ നിന്നെല്ലാം എത്തിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു.
പ്രതിസന്ധി എന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രയാസമുണ്ട്. കല്‍ക്കരി ക്ഷാമം, ഉല്‍പ്പാദനത്തിലെ കുറവ്, ഉപയോഗം കൂടുന്നു. അതുകൊണ്ട് തന്നെ ലഭ്യത പരിമിതമാണ് - അദ്ദേഹം പറഞ്ഞു.
ഹിമാചലില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. പകല്‍ സമയത്ത് വൈദ്യുതി നല്‍കാനാണ് അവര്‍ തയാറായിട്ടുള്ളത്. പകല്‍ സമയത്ത് സത്യത്തില്‍ ആവശ്യമില്ല. പകല്‍ സമയത്ത് കൂടുതല്‍ തരികയും രാത്രി സമയത്ത് കുറച്ച് തരികയും രണ്ടിനും ഒരേ പോലെ വില കൊടുക്കുകയും ചെയ്യുക എന്ന് പറയുമ്പോള്‍ അതിന് കമ്മീഷന്റെ ഒന്നും അപ്രൂവല്‍ ലഭിക്കില്ല. അത് പ്രായോഗികമല്ല. എന്നാലും അത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡയറക്ടര്‍ ഡല്‍ഹിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാനായി കെഎസ്ഇബി ചെയര്മാന് എം ജി രാജമാണിക്യം മുംബൈയിലെത്തി. രണ്ട് കെഎസ്ഇബി ഡയറക്ടര്‍മാര്‍ ഡല്‍ഹിയിലുമെത്തി.






