ഗാന്ധിനഗർ: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിന്റെ അമ്മ അറസ്റ്റില്‍.
അഹമ്മദാബാദിലെ സർഖേജ് പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് നടപടി.
സഹപാഠികളായിരുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും പ്രായപൂർത്തിയാകാത്തവരായതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ബന്ധം തുടർന്നു. സ്കൂള്‍ വളപ്പില്‍ ഇരുവരും ഒന്നിച്ചിരിക്കുന്നത് കണ്ട് പ്രിൻസിപ്പല്‍ ഇരു കുടുംബങ്ങളെയും സ്കൂളിലേക്ക് വിളിച്ചുവരുത്തി വിവരം അറിയിച്ചു.
ഇതില്‍ പ്രകോപിതയായ ആണ്‍കുട്ടിയുടെ അമ്മ പെണ്‍കുട്ടിയുടെ വീട്ടിലെത്തി, പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. "എന്റെ മകനെ സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെങ്കില്‍ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി തൂങ്ങിമരിക്കൂ, നിന്റെ മാതാപിതാക്കളെ ഞാൻ നോക്കിക്കോളാം" എന്ന് ഇവർ പെണ്‍കുട്ടിയോട് പറഞ്ഞതായി പരാതിയില്‍ പറയുന്നു.
ആഗസ്റ്റ് 31-നാണ് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്. പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പോലീസിനെ സമീപിക്കുകയും, ആണ്‍കുട്ടിയുടെ അമ്മ സംസാരിച്ചതിന്റെ ഓഡിയോ റെക്കോർഡിംഗും സിസിടിവി ദൃശ്യങ്ങളും തെളിവായി കൈമാറുകയും ചെയ്തു. തെളിവുകള്‍ പരിശോധിച്ച് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത സർഖേജ് പോലീസ്, പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.






