കൊല്ലം: ഭർതൃവീട്ടില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
സായ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭർതൃവീട്ടുകാർ എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നും സഹോദരൻ സെയ്ഫ് ഷാജി പറഞ്ഞു.മരണത്തിന് രണ്ട് ദിവസം മുൻപ് മാതാപിതാക്കളെ വിളിച്ച് അടുത്ത ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് സായ പറഞ്ഞിരുന്നുവെന്ന് സെയ്ഫ് വെളിപ്പെടുത്തി. മരണത്തിന്റെ തലേ ദിവസവും താൻ സായയുമായി സംസാരിച്ചിരുന്നുവെന്നും അപ്പോള്‍ മനോവിഷമങ്ങളൊന്നും തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.സായയ്ക്ക് ഭർതൃവീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ അതത്ര ഗൗരവമേറിയ വിഷയങ്ങളായിരുന്നില്ല. സായ അതേക്കുറിച്ച് കൂടുതലൊന്നും പറഞ്ഞിട്ടുമില്ല.
എറണാകുളത്തുള്ള വീട്ടിലേക്ക് സായ വരുന്നത് പതിവായിരുന്നു. മരണത്തിന് 2 ദിവസം മുൻപ് വിളിച്ചപ്പോഴും ഉടൻ വീട്ടിലേക്ക് വരുന്നുണ്ടെന്ന് അവള് പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നവളായിരുന്നു സായ. അവള് ഒരിക്കലും ജീവനൊടുക്കില്ല.
അവളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഷാള്‍ അവളുടേതല്ല. മുറിയില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിലും ദുരൂഹതകളുണ്ട്. എഴുത്തിലെ കയ്യക്ഷരം സായയുടേതല്ല. അതൊരുപക്ഷേ അവളെക്കൊണ്ട് നിർബന്ധിച്ച് എഴുതിപ്പിച്ചതാകാം.
സായ മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഭർതൃവീട്ടുകാർ ഞങ്ങളെ വിവരം അറിയിച്ചത്. ഇതൊക്കെ മരണത്തിലുള്ള സംശയം ബലപ്പെടുത്തുകയാണ്. ഭർതൃവീട്ടുകാർ എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. സായ ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടു എന്നാണ് ഭർതൃവീട്ടുകാരുടെ മൊഴി.
ആ ജനലിലെ കർട്ടനുകള്ക്കോ അതിലുണ്ടായിരുന്ന സീഷെല്‍ ഹാങ്ങിങ്ങുകള്ക്കോ യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. ആത്മഹത്യയായിരുന്നുവെങ്കില്‍ മരണവെപ്രാളത്തില്‍ സായ അവ പിടിച്ചു വലിക്കുകയോ പൊട്ടിക്കുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അത്തരം അടയാളങ്ങളൊന്നും മുറിയില്‍ നിന്ന് ലഭിക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നു എന്നും സെയ്ഫ് പറഞ്ഞു.ഇരവിപുരം ഭരണിക്കാവില്‍ ഷാജി - റിഹാന ദമ്പതികളുടെ മകള്‍ സായയെ (26) ഒക്ടോബർ 31ന് രാത്രിയാണ് ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവദിവസം വൈകിട്ട് 4ന് വീട്ടില്‍ ബഹളം നടന്നതായി അയല്‍വീട്ടുകാർ പറഞ്ഞു.സായയുടെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നും ഭർത്താവിനോട് സ്നേഹം മാത്രമേ ഉള്ളൂവെന്നും കുറിപ്പില്‍ പറയുന്നു. 2023 ജനുവരി 15നായിരുന്നു സായയുടെയും മാടൻനട സ്വദേശി അഫ്സലിന്റെയും വിവാഹം. പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോള്‍ എറണാകുളത്താണ് താമസം.സായയുടെ മരണത്തില്‍ ഭർത്താവ് അഫ്സലിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ യുവതി നേരത്തെ രംഗത്തെത്തിയിരുന്നു. അഫ്സല് ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടയാള്‍ ആണെന്നും സായ ഭർതൃവീട്ടില്‍ ക്രൂരമായ മാനസിക പീഡനം നേരിട്ടിരുന്നുവെന്നും യുവതി പറഞ്ഞു. മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുൻപ് വൃത്തിയാക്കിയതിലും ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അവള് ആവശ്യപ്പെട്ടു.






