ഹൈദരാബാദ് : തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സർക്കാർ ജൂനിയർ കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്. ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ഈ വിദ്യാർത്ഥി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.
ഒരു മാർക്ക് കൂടുതൽ നേടിയ മറ്റൊരു വിദ്യാർത്ഥിയുമായി ക്ലാസിൽ വെച്ച് അധ്യാപിക ഇയാളെ താരതമ്യം ചെയ്യുകയും, ഇതിനെ വിദ്യാർത്ഥി ചോദ്യം ചെയ്തപ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി. അപമാനത്തെത്തുടർന്ന് വിദ്യാർത്ഥി രണ്ട് ദിവസമായി കോളേജിൽ പോയിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. അധ്യാപികയിൽ നിന്നുണ്ടായ അപമാനമാണ് തീരുമാനത്തിന് കാരണമെന്നും, വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ തയ്യാറാകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അധ്യാപികയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു.





