കാഞ്ഞിരപ്പള്ളി: ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഇരുട്ടിന്റെ പിടിയിൽ. പലയിടത്തും ലൈറ്റുകൾ പ്രവർത്തിക്കാതായതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ജനറൽ ആശുപത്രി കവാടം തന്നെ രാത്രികാലങ്ങളിൽ ഇരുട്ടിലാണ്. പോലീസ് എയ്ഡ് പോസ്റ്റിന് സമീപം എത്തിയാൽ ഇടയ്ക്കിടെ മിന്നിക്കത്തുന്ന ലൈറ്റുണ്ട്. ഇതും പലപ്പോഴും കത്താറില്ല.
തുടർന്ന് കവാടം മുതൽ പുതിയ ആശുപത്രി കെട്ടിടം വരെ വെളിച്ചം നിഴൽ പോലെ മാത്രമാണുള്ളത്. മെഡിക്കൽ വാർഡ് പരിസരത്ത് അടക്കം രാത്രിയിൽ മതിയായ വെളിച്ചമില്ലാത്ത അവസ്ഥയാണ്. പ്രസവവാർഡിലേക്ക് ഇറങ്ങിപ്പോകുന്ന വഴി പോലും വെളിച്ചമില്ലാത്തതിനാൽ കാണാനാകില്ല.
നടന്നുപോകുന്നവർ പരസ്പരം കൂട്ടിമുട്ടാതിരിക്കണമെങ്കിൽ ഇവിടെ വെളിച്ചം കയ്യിൽ കരുതേണ്ട സ്ഥിതിയാണ്. ഈ കെട്ടിടത്തിന്റെ പുറകിലാകെ ഇരുട്ടാണ്. പഴയ കെട്ടിടങ്ങളുടെ പരിസരമെല്ലാം സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിന്റെ പിടിയിലാണ്.
മുൻപ് മൂന്നുതവണ ആശുപത്രി വളപ്പിൽ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ഇഴജന്തുക്കളുടെ ശല്യമുള്ള ഇവിടെ രാത്രി വെളിച്ചമില്ലാത്തത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെളിച്ചത്തിന് ആവശ്യമായ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രകാശിക്കാത്തതാണ് ഇരുട്ടിന് പ്രധാന കാരണം.
ജനറൽ ആശുപത്രി കവാടമായ കുന്നുംഭാഗം ടൗണിലെ ഉയരവിളക്ക് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായിട്ടും നവീകരിക്കുവാൻ നടപടിയായിട്ടില്ല. ബസിൽ വന്നിറങ്ങുന്ന രോഗികളടക്കം ഇതുവഴിയാണ് ആശുപത്രിയിലേക്ക് വരുന്നതും പോകുന്നതും.
വാഹനങ്ങൾ കയറിപ്പോകുന്ന കവാടത്തിൽ മിനി ഉയരവിളക്ക് സ്ഥാപിച്ചിരിക്കുന്നത് റോഡിൽ കയറിയാണ്. ഇതിനാൽ കാവാടത്തിൽ ആവശ്യത്തിന് പ്രകാശം ലഭിക്കുന്നുമില്ല. ആശുപത്രിയിലെ പാതകളിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളും പ്രവർത്തിക്കാതെ കിടക്കുന്ന നിലയിലാണ്.






