കോട്ടയം: ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. കോട്ടയം വടവാതൂർ താന്നിക്കപ്പടിയിൽ ആറു വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്ക്.
വടവാതൂർ താന്നിക്കപ്പടി റിജുമോൻ–ഷെൽമി ദമ്പതികളുടെ മകൻ ആന്റണി (6)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ കയ്യിൽ നായ കടിച്ചുമുറിവേൽപ്പിക്കുകയായിരുന്നു.
കുട്ടിയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനായി ഓടിയെത്തിയ അന്യസംസ്ഥാന തൊഴിലാളിയെയും തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു.
പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുതരമായി പരിക്കേറ്റ ആന്റണിയെ കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്യസംസ്ഥാന തൊഴിലാളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലയിൽ തെരുവുനായ ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






