ന്യൂഡൽഹി: എച്ച്.ബി.ഒയുടെ പ്രശസ്തമായ ക്രം സീരീസ് 'ദി സ്റ്റെയർകേസിന്' സമാനമായ കൊലപാതകം നടത്തിയിട്ട് 12 ലക്ഷം രൂപയുമായി ഡൽഹി സ്വദേശിയായ ടെക്കി കടന്നുളകഞ്ഞു. 62 വയസ്സുകാരനായ സോഫ്റ്റ്വെയർ കൺസൾട്ടൻ്റ് കമൽസിംഗാണ് ഭാര്യയെ വധിക്കുകയും, കൊലപാതകായുധം ഉപേക്ഷിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്.
ദീർഘകാലമായി നിലനിൽക്കുന്ന സ്വത്ത് തർക്കത്തിൽ സീരീസിൽ നിന്ന് പഠിച്ച കൊലപാതക തന്ത്രമായിരുന്നു ഇയാൾ ഭാര്യയെ കൊലപ്പെടുത്താനായി ഉപയോഗപ്പെടുത്തിയത്.
ജൂലൈ 30-ന് മകൻ ലൈബ്രറിയിലും മകൾ ഓഫീസിലും പോകുകയും, വീട്ടുജോലിക്കാരി ജോലി കഴിഞ്ഞ് മടങ്ങുകയും ചെയ്ത് കമൽ സിംഗും ഭാര്യ കോമൾ സിംഗും മാത്രം വീട്ടിൽ തനിച്ചായ സമയത്താണ് സംഭവം നടന്നത്.
ഉച്ചയ്ക്ക് 12:45 ഓടെ കോമൾ ബാൽക്കണിയിൽ തുണികൾ ഉണക്കാനിടുമ്പോൾ, കമൽ പിന്നിലൂടെ വന്ന് ഒരു വാൾ ഉപയോഗിച്ച് അവരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. എന്നാൽ ഈ അടിയേറ്റുവീഴാതിരുന്ന കോമൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടിക്കയറി ഒളിച്ചു. തുടർന്ന് കമൽ അവരെ മുടിയിൽ പിടിച്ച് സ്വീകരണമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരികയും കത്രിക ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയുടെ നിലവിളി അയൽവാസികൾ കേട്ടിരുന്നുവെങ്കിലും ആരും ഇടപെട്ടില്ല. കമലിന്റെ പിതാവ് ഭാര്യയോട് പോയി നോക്കാൻ ആവശ്യപ്പെട്ടെങ്കിലും, അവരുടെ കുടുംബ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് അവർ പറയുകയായിരുന്നു. ഭാര്യയെ വധിച്ച ശേഷം, രക്തം പുരണ്ട വസ്ത്രങ്ങളും വാളും ഒരു ബാഗിലാക്കി, 15 മിനിറ്റോളം കുളിച്ച ശേഷം കമൽ സ്കൂട്ടറിൽ തടിതപ്പി. യാത്രാമധ്യേ അയാൾ ആ ബാഗ് ദൂരേക്ക് വലിച്ചെറിഞ്ഞു.
തുടർന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഏകദേശം 7,00,000 രൂപ പിൻവലിച്ചു.
ഭാര്യയുടെ മുറിയിൽ നിന്ന് എടുത്ത 5,00,000 രൂപ ഉൾപ്പെടെ ആകെ 12,75,000 രൂപ കൈക്കലാക്കി.
ഈ സമയമത്രയും ദമ്പതികളുടെ 26 വയസ്സുള്ള മകൻ ഗൗരവ് സിംഗ് അമ്മയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. രാത്രി 9:15 ഓടെ വീട്ടിലെത്തിയ മകൻ കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹമാണ്.
കമലിനെ കാണാതായതോടെ പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സാങ്കേതിക നിരീക്ഷണ സംവിധാനങ്ങളിലൂടെ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. തുടക്കത്തിൽ ഫോൺ ഓൺ ചെയ്ത് ഗോരഖ്പൂരിലേക്ക് യാത്ര ചെയ്ത ഇയാൾ നേപ്പാളിലേക്ക് കടന്നതായി പോലീസ് സംശയിച്ചു. എന്നാൽ ഗോരഖ്പൂരിലെത്തിയ ഉടൻ ഫോൺ ഓഫ് ചെയ്ത് അന്വേഷണ ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാനായി മഥുരയിലേക്ക് തിരിഞ്ഞു.
മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിൽ ഡൽഹി പോലീസ് കമലിനെ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് അറസ്റ്റ് ചെയ്തു. പോലീസ് ഇയാളുടെ സ്കൂകൂട്ടറും പണവും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കൊലപാതകത്തിന്റെ വിവരങ്ങളും രക്ഷപ്പെടാനുള്ള പദ്ധതിയും തുറന്നുപറഞ്ഞു. 'ദി സ്റ്റെയർകേസ്' എന്ന വെബ് സീരീസിൽ കണ്ടതുപോലെ തെളിവുകൾ ഇല്ലാതാക്കാൻ കൊലപാതകായുധം നശിപ്പിക്കാനാണ് താൻ പദ്ധതിയിട്ടതെന്ന് അയാൾ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ഒരു വർഷമായി കമലും കോമളും തമ്മിലുള്ള ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ മുംബൈ സന്ദർശനത്തിനിടെ കമൽ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായതും കുടുംബത്തിൽ കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കി.
ഒരേ വീട്ടിലാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും വെവ്വേറെ വൈദ്യുതി ബില്ലുകളാണ് അടച്ചിരുന്നത്. കൂടാതെ, ജഗത്പുരിയിൽ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ഒരു വസ്തു സ്വന്തം പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്യാനാണ് കമൽ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇതിൽ പങ്കു വേണമെന്ന് കോമൾ ആവശ്യപ്പെട്ടത് നിരന്തരം വഴക്കുകൾക്ക് കാരണമായി. ഈ സ്വത്ത് തർക്കമാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.






