ഹരിപ്പാട്: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ആക്രമിച്ചെന്ന കേസില്‍ ഭർത്താവും മാതാപിതാക്കളും പിടിയില്‍. തൃക്കുന്നപ്പുഴ പാനൂർ താനുവേലില്‍ നിഥിൻ (32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് കേസില്‍ പിടിയിലായത്.
നിഥിന്റെ ഭാര്യ നല്കിയ പരാതിയിലാണ് നടപടി. ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അന്നുമുതല്‍ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ തന്നെ ആക്രമിക്കുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
സെപ്റ്റംബർ 23ന് പ്രതികള്‍ യുവതിയെയും അഞ്ചുവയസുള്ള പെണ്കുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യം അയല്‍വാസി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തൃക്കുന്നപ്പുഴ പൊലിസില്‍ നല്കിയ പരാതിയിലാണ് നടപടി.
ആക്രമണത്തെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി സെപ്റ്റംബർ 26ന് ആണ് ആശുപത്രി വിട്ടത്. ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍വിട്ടു.






