തെഹ്റാന്: ഹോര്‍മൂസ് കടലിടുക്കിന് പുറത്ത് നിയന്ത്രണ മേഖല പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഇറാന്. ഗള്‍ഫിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് നിയന്ത്രണ മേഖല.
യുഎസിന്റെ ഉപരോധമുള്ള പ്രദശത്ത് നിന്നാണ് നിയന്ത്രണ മേഖല തുടങ്ങുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവേശിക്കുന്ന കപ്പലുകളെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇറാന് അറിയിച്ചിരിക്കുന്നത്. മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഇറാനിലെ ഔദ്യോഗിക പ്രക്ഷേപണ സ്ഥാപനത്തോടുള്ള പ്രതികരണത്തിനിടെയാണ് ഇറാന് സുരക്ഷാ മോധാവി മൊഹ്സെന്‍ റെസായി ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. എന്നാല്‍ നിര്‍ദ്ദിഷ്ട മേഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഒരു മാസത്തോളം താരതമ്യേന ശാന്തമായ അന്തരീക്ഷത്തിനുശേഷമാണ് കഴിഞ്ഞ ആഴ്ച അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും ആക്രമണങ്ങള്‍ തുടങ്ങിയത്. പിന്നാലെ ഹോര്‍മൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റി തന്നെയാണ് സംഘര്‍ഷം മുറുകുന്നത്.
യുഎസ് നാവിക ഉപരോധ മേഖയില്‍ തുടങ്ങി ഹോര്‍മൂസ് കടലിടുക്കിലേക്ക് നീളുകയും, അവിടെനിന്ന് പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാകും പുതിയ നിയന്ത്രിത മേഖല എന്നാണ് പ്രാഥമിക വിവരം. ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകുക എന്ന ലക്ഷ്യത്തോടെ ഈ മേഖലയില്‍ പ്രവേശിക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ഏതൊരു കപ്പലും തങ്ങളുടെ ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇറാന് പ്രഖ്യാപിച്ചത്. എന്നാല്‍ വിഷയത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.






