തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
തമിഴ്നാടിനും ലക്ഷദ്വീപിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ പ്രഭാവത്താല്‍ അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് റിപ്പോർട്ട്. മഴ കടുക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വടക്കൻ-മധ്യ കേരളത്തിലെ ജില്ലകളിലാണ് യെല്ലോ അലർട്ട് നല്‍കിയിരിക്കുന്നത്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനില്‍ക്കുന്നത്.
അതേസമയം, നാളെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണം.






