തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട അന്തരീക്ഷ ചുഴലിയുടെയും ന്യൂനമർദ്ദ രൂപീകരണത്തിന്റെയും ഫലമായി വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പാലക്കാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൂടാതെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എല്ലാ ജില്ലയിലും ഗ്രീൻ അലർട്ടാണ്.
എന്നാല്‍ ഈ മാസം എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴയുടെ സാനിധ്യം നിലനില്‍ക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. നാളെ ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.






