തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് നിർണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ജയില്‍ മേധാവി എഡിജിപി എസ്.
ശ്രീജിത്തിനെ ഡിജിപി പദവിയിലേക്ക് ഉയർത്താൻ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നല്കി. ഫയർഫോഴ്സ് മേധാവിയായ ഡിജിപി നിതിൻ അഗർവാള്‍ ഈ മാസം 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് 1996 ബാച്ചുകാരനായ എസ്. ശ്രീജിത്തിനെ പരിഗണിക്കുന്നത്.
സീനിയോറിറ്റി പ്രകാരം എഡിജിപി എം.ആർ. അജിത് കുമാറായിരുന്നു ഈ പദവിയിലേക്ക് വരേണ്ടിയിരുന്നത്. എന്നാല്‍, നവകേരള സദസ്സുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളിലും അദ്ദേഹം സസ്പെൻഷനിലായതാണ് തിരിച്ചടിയായത്.
സസ്പെൻഷനെതിരെ എം.ആർ. അജിത് കുമാർ സെൻട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നടപടികള്‍ക്ക് സ്റ്റേ അനുവദിക്കാൻ ട്രൈബ്യൂണല്‍ തയാറായില്ല. ഹർജി അടുത്ത മാസം മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ എന്നതിനാല്‍ പദവി ഒഴിച്ചിടാതെ തൊട്ടടുത്ത സീനിയറായ എസ്. ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്കാൻ ചീഫ് സെക്രട്ടറി ഫയല്‍ നീക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ചേർന്ന സ്ക്രീനിങ് കമ്മിറ്റി 1996 ബാച്ചുകാരായ എസ്. ശ്രീജിത്ത്, വിജയ് സാഖറെ എന്നിവരുടെ പേരുകള്‍ ശുപാർശ ചെയ്തിരുന്നു. നിലവില്‍ മുതിർന്ന ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
ഡിജിപി പദവിയിലേക്ക് ജൂനിയർ ഉദ്യോഗസ്ഥനെ നിയമിക്കുന്നതില്‍ ആഭ്യന്തര വകുപ്പില്‍ ചില നിയമപരമായ ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, പദവി ഒഴിച്ചിട്ടാല്‍ അത് സസ്പെൻഷനിലായ അജിത് കുമാറിനെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരുമെന്നതിനാല്‍ സർക്കാർ വേഗത്തില്‍ തീരുമാനമെടുത്തേക്കും. മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും അന്തിമ അനുമതി ലഭിക്കുന്നതോടെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.






