തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം വോട്ടർമാർക്കും അണികള്‍ക്കും മേല്‍ ചുമത്തുന്ന രീതിയിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വിശദീകരണ യോഗങ്ങളിലെ പ്രസംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചർച്ചയ്ക്ക് വഴിവെച്ചേക്കും. പാർട്ടിയുടെ തെറ്റുതിരുത്തല്‍ നയങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം പരാമർശങ്ങളെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കള്ക്കുമധ്യത്തിലുണ്ട്.
ഇതോടൊപ്പം, പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഐയുമായി നിലനില്‍ക്കുന്ന തർക്കം പരിഹരിക്കാനുള്ള വഴികളും യോഗം ആലോചിക്കും. കോഴിക്കോട് നടക്കാനിരിക്കുന്ന വിപുലമായ സംസ്ഥാന സമിതി യോഗത്തില്‍ സമർപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ടിന് രൂപം നല്‍കലാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന അജണ്ട. അതേസമയം, ഡല്‍ഹിയില്‍ ആരംഭിച്ച സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ഇന്നും തുടരും. കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുന്നണി ബന്ധത്തെ ബാധിക്കരുതെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. വരും നാളുകളിലെ കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങളും വരാനിരിക്കുന്ന യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ദേശീയ കൗണ്‍സില്‍ വിലയിരുത്തും.






