കുമളി : കുമളിഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറായ കട്ടപ്പന തെക്കേകരോട്ട് പോള്‍ കുര്യൻ, കഴിഞ്ഞ 8 വർഷമായി താൻ സ്ഥിരമായി ഓടിച്ചിരുന്ന ബസിനോട് വികാരനിർഭരമായി വിടപറഞ്ഞു.
ഒക്ടോബർ 31-ന് ഔദ്യോഗികമായി വിരമിക്കുമെങ്കിലും, കഴിഞ്ഞ ദിവസമായിരുന്നു പോളിന്റെ സർവീസിലെ അവസാന ട്രിപ്പ്. ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങിയ ഉടൻ വാഹനം തൊട്ടുവണങ്ങി എൻജിൻ ഭാഗത്ത് തല അമർത്തി അദ്ദേഹം തേങ്ങി. ഈ കാഴ്ച സഹപ്രവർത്തകരുടെയും കണ്ണുനനയിച്ചു. 18 വർഷം മുൻപ് സർവീസില്‍ കയറിയ പോള്‍, കമ്പം-കുമളി-കരുവാകുളം-കോട്ടയം റൂട്ടില്‍ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറായി കഴിഞ്ഞ 8 വർഷമായി ദിവസേന 480 കിലോമീറ്റർ ദൂരമാണ് ഓടിച്ചിരുന്നത്. യാത്രയെപ്പറ്റി ചോദിച്ചാല്‍ "ഞാനല്ല, ബസാണ് എന്നെയും യാത്രക്കാരെയും രക്ഷിച്ചത്" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബസിലെ സ്ഥിരസാന്നിധ്യമായതോടെ തമിഴ്നാട്ടിലും അദ്ദേഹത്തിന് ആരാധകരുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കമ്പത്തുനിന്നുള്ള മടക്കയാത്രയില്‍ ആരാധകർ ഗൂഡല്ലൂരില്‍ യാത്രായയപ്പും നല്‍കിയിരുന്നു.






