തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ സ്പാകളില് പൊലീസ് നടത്തിയ മിന്നല് പരിശോധനയില് 14 സ്ഥാപനങ്ങള്ക്കെതിരെ കേസുകള് രജിസ്റ്റര് ചെയ്തു.
ഇതിനോടകം അഞ്ചുപേര് അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളില് 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി.വിജയന്റെ നിര്ദേശാനുസരണമായിരുന്നു "ഓപ്പറേഷന് സ്പാ" എന്ന പ്രത്യേക പരിശോധന നടത്തിയത്.
പരിശോധനയില് ഏറ്റവും കൂടുതല് നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില് 70 എണ്ണത്തില് റെയ്ഡ് നടത്തി. നാല് കേസുകള് രജിസ്റ്റര് ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലയില് 78 കേന്ദ്രങ്ങളില് 71 റെയ്ഡുകള് നടത്തി. തൃശൂര് സിറ്റിയില് 58 ല് 56 എണ്ണത്തിലും പാലക്കാട് 71 ല് 55 എണ്ണത്തിലും പരിശോധന നടത്തി. പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകള് വീതം രജിസ്റ്റര് ചെയ്തു. എറണാകുളം റൂറലില് രണ്ടും കോട്ടയം, ഇടുക്കി ജില്ലകളില് ഓരോ കേസ് വീതവും രജിസ്റ്റര് ചെയ്തു.
ചട്ടങ്ങള് പാലിക്കാത്ത 44 സ്പാകള്ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി അറിയിച്ചു. അടുത്തിടെ സ്പാകളുമായി ബന്ധപ്പെട്ട് ചില മോശം വാർത്തകള് പുറത്തുവന്നിരുന്നു. തുടർന്നാണ് പൊലീസ് നടപടികള് കടുപ്പിച്ചത്.






