ലഖ്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മത്സരം 70 സീറ്റുകളില്‍ ചുരുങ്ങുമെന്ന് സൂചന. കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ സമാജ്വാദി പാര്‍ട്ടി മടിക്കുന്നതിനാല്‍ സഖ്യവുമായി മുന്നോട്ടുപോകാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
26 സീറ്റുകളായിരുന്നു സമാജ്വാദി പാര്‍ട്ടി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് നല്കിയ വാഗ്ദാനം. 120 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന് കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. അധിക സീറ്റുകളില്‍ മത്സരിക്കാന്‍ പലയിടത്തും ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ നേരിട്ട് ഏറ്റുമുട്ടണം. സമാജ്വാദി പാര്‍ട്ടി സിറ്റിംഗ് സീറ്റുകള്‍ പലതും വിട്ടുനല്‍കാനും തയ്യാറല്ല. വെള്ളിയാഴ്ചയാണ് ഇനി സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുക. തുടര്‍ന്ന് രണ്ട് ദിവസത്തിനകം സഖ്യത്തിന് അന്തിമ രൂപം നല്‍കാനാണ് ശ്രമം.
ഡിസംബര്‍ പത്തിന് സഹാരന്‍പൂരില്‍ നിന്ന് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിനുള്ള പ്രചരണം ആരംഭിക്കുമെന്നും സൂചനയുണ്ട്. രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവുമായി നടന്ന സംഭാഷണങ്ങളിലാണ് സീറ്റ് ധാരണകളായത് എന്നാണ് വിവരം. സമാജ്വാദി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്ന 26 സീറ്റുകളില്‍ 2022-ല്‍ കോണ്‍ഗ്രസ് വിജയിച്ച രണ്ട് സീറ്റുകള്‍ (റാംപൂര്‍ ഖാസ്, ഫരേന്ദ), രണ്ടാം സ്ഥാനത്തെത്തിയ നാല് സീറ്റുകള്‍ (മഥുര, ഖേരാഗഡ്, ജഗദീഷ്പൂര്‍, കിദ്വായ് നഗര്‍), സമാജ്വാദി പാര്‍ട്ടിക്ക് മുന്‍പ് 60000 മുതല്‍ 70000 വരെ വോട്ടുകള്‍ ലഭിച്ച 20 സീറ്റുകള്‍ എന്നിവ ഉള്പ്പെട്ടതായായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.






